Wednesday, 18 November 2020

മലക്കുകളും, ജിന്നുകളുടെ കട്ട് കേൾവിയും

 അംബിയാക്കളുടെയും ഔലിയാക്കളുടെയും മാർഗം 4️⃣0️⃣

=============================

മലക്കുകളും, ജിന്നുകളുടെ കട്ട് കേൾവിയും

=============================

അല്ലാഹുവിന്റെ രണ്ട് അദൃശ്യ സൃഷ്ടികളാണ് മലക്കുകളും ജിന്നുകളും. ഇവരെ സംബന്ധിച്ച് വിശുദ്ധ ഖുർആനും നബി(സ)യും അറിയിച്ചു തന്നതിലപ്പുറം അറിയാൻ നമുക്ക് മറ്റു മാർഗങ്ങളൊന്നുമില്ല.ദേവീ ദേവന്മാർ, ദുർമൂർത്തികൾ എന്നീ സങ്കൽപങ്ങൾ ഇവരെ സംബന്ധിച്ച് പുരാതന കാലം മുതൽക്ക് തന്നെ ഉണ്ട്. മലക്കുകൾ അല്ലാഹു വിന്റെ പെൺമക്കളാണെന്നായിരുന്നു പുരാതന അറബികളുടെ വിശ്വാസം. ഖുർആൻ ഇതിനെ തള്ളിക്കളഞ്ഞിട്ടുണ്ട്.

മലക്കുകൾക്ക് ആകാശ ലോകത്ത് നിന്ന് കിട്ടുന്ന അറിവുകൾ റാഞ്ചി എടുക്കുന്ന സമ്പ്രദായം പിശാചുക്കൾക്കുണ്ടായിരുന്നുവത്രെ. അത് താഴെ കൊണ്ട് വന്ന് അതിന്റെ കൂടെ നൂറ് കളവുകൾ കൂട്ടി ജോൽസ്യൻമാർക്ക് കൈമാറും.ജോസ്യൻ മാർക്ക് (കാഹിൻ) മറഞ്ഞ കാര്യങ്ങൾ അറിയാൻ കഴിയുമെന്നതിന്റെ അടിസ്ഥാനം ഈ വിശ്വാസമാണ്. മാരണ വിദ്യയും (സിഹ്റ് ) കണക്ക് നോട്ടം, ഭാവി പ്രവചനം, ജോത്സ്യം തുടങ്ങിയ അന്ധ വിശ്വാസങ്ങൾ തഴച്ചുവളർന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ മുഹമ്മദ് നബി (സ) യുടെ നിയോഗത്തോടെ ഇത് പരിപൂർണ്ണമായും നിലച്ചുപോയതായി ഖുർആൻ പറയുന്നു.. ആകാശത്ത് കയറി വന്ന് എന്തെങ്കിലും കട്ട് കേൾക്കാൻ കഴിയാത്ത വിധം പിശാചുക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി വിശുദ്ധ ഖുർആൻ പറയുന്നു.

(وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا * )

[Surat Al-Jinn: 8 ]

നാം ആകാശത്തെ സ്പര്‍ശിച്ചു (നോക്കി): അപ്പോൾ അതു ശക്തിമത്തായ പാറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി നാം കണ്ടെത്തി എന്നും;

( * وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَنْ يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَصَدًا)

[Surat Al-Jinn 9]

നാം അതിൽ [ആകാശത്തിൽ] നിന്ന് ചില ഇരിപ്പിടങ്ങളിൽ കേള്‍ക്കുവാൻ വേണ്ടി ഇരിക്കാറുണ്ടായിരുന്നു; എന്നാൽ, ഇപ്പോൾ ആരെങ്കിലും ചെവികൊടുക്കുന്ന [കേള്‍ക്കാൻ ശ്രമിക്കുന്ന]തായാൽ, അവനെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ് എന്നും (പ്രസ്താവിച്ചു).


അദ്ധ്യായം ഹിജ്റ് പതിനെട്ടാം വചനത്തിലും അല്ലാഹു ഇക്കാര്യം ഇപ്രകാരം വ്യക്തമാക്കുന്നു.


(وَحَفِظْنَاهَا مِنْ كُلِّ شَيْطَانٍ رَجِيمٍ * )

[Surat Al-Hijr 17 ]

ആട്ടപ്പെട്ട എല്ലാ പിശാചില്‍ നിന്നും നാം അവയെ കാ(ത്തു സൂക്ഷി)ക്കുകയും ചെയ്തിരിക്കുന്നു;


ഇത് സംബന്ധമായി ഖുർആൻ വ്യാഖ്യാതാക്കളും പണ്ഡിതൻമാരുമായ ഇബ്നു കസീർ, അൽ സഅദീ,തൻ ത്വാവീ, ഖുർതുബി, ഇബ്നു ഖുതൈബ, അൽ ബഗവീ (റ) തുടങ്ങിയവർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ വിശദീകരിച്ചത് കാണാവുന്ന ന്നതാണ്.കൂടാതെ ഇസ്ലാമിക ലോകത്തെ ഫത് വാബോഡുകളുടെ വിശദീകരണവും കാണാവുന്നതാണ്.

ഇമാം റാസിയെയും ഇമാം ഖുർതുബിയെയും ഉദ്ധരിച്ചു കൊണ്ട് വന്ന 412 552 നമ്പർ ഫത്വയിൽ, നബി(സ) നിയോഗത്തോടെ പരിപൂർണമായും പിശാചുക്കളെ തടയപ്പെട്ടു എന്ന് കാണാവുന്നതാണ്.

അധ്യായം ശുഅറാ 212 വചനത്തെ അമാനി മൗലവി (റ) ഇപ്രകാരം വ്യാഖ്യാനിക്കുന്നു:


3. എനിയൊരു മാര്‍ഗ്ഗമുള്ളത് മലക്കുകളില്‍ നിന്ന് കേള്‍ക്കുകയും, എന്നിട്ടത് ഭൂമിയില്‍ വന്ന് ഓതിക്കൊടുക്കുകയും ചെയ്യുക എന്നുള്ളതാകുന്നു. ഇതിനും നിവൃത്തിയില്ല. കാരണം, പിശാചുക്കള്‍ മുമ്പ് ആകാശം വരെ കേറിപ്പോകുകയും, മലക്കുകളില്‍നിന്ന് ചില വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ അവര്‍ക്ക് സാധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ – നബി (صلى الله عليه وسلم) ക്ക് വഹ്-യു വരുവാന്‍ ആരംഭിച്ചതു മുതല്‍ക്ക്‌ – പിശാചുക്കളുടെ ആകാശത്തേക്കുള്ള കയറ്റവും, മലക്കുകളില്‍നിന്ന് കേള്‍ക്കുവാനുള്ള സാധ്യതയും തീരെ തടസ്സം ചെയ്യപ്പെട്ടിരിക്കുകയാണ്. ( إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ) നബി (صلى الله عليه وسلم)യില്‍നിന്നും ഖുര്‍ആന്‍ പാരായണം കേട്ട ഒരു സംഘം ജിന്നുകള്‍ചെയ്ത ഒരു നീണ്ട പ്രസ്താവന സൂറത്തുല്‍ ജിന്നില്‍ അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ജിന്നുകള്‍ ഇപ്രകാരം പറഞ്ഞതായി കാണാം:-

وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴿٨﴾ وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا (٩) – سورة الجن


(ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഞങ്ങള്‍ അതില്‍ പല ഇരിപ്പിടങ്ങളിലും കേള്‍ക്കുവാനായി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആരെങ്കിലും കേള്‍ക്കുവാന്‍ ശ്രമിക്കുന്നതായാല്‍, അവനെ കാത്തുകൊണ്ടിരിക്കുന്ന തീജ്വാലയെ അവന്‍ കണ്ടെത്തുന്നതാണ്.) കൂടുതല്‍ വിവരം സൂറത്തു – സ്വാഫ്ഫാത്തില്‍ വെച്ചു കാണാം. إن شاء الله . സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും ശ്രദ്ധിക്കുക.

(വിശുദ്ധ ഖുർആൻ വിവരണം)


ആയിശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉമ്പരിക്കുന്നു.

"ففى صحيح البخارى عن عائشة : أن ناسا سألوا رسول الله صلى الله عليه وسلم عن الكهانة ، فقال : " ليسوا بشئ "  


ചിലയാളുകൾ നബി(സ)യോട് ജോത്സ്യത്തെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: അവരുടെ വാദങ്ങൾക്ക് യാതൊരസ്ഥിത്വവുമില്ല.

(ബുഖാരി)


നബി തിരുമേനി(സ) ഭാവി പ്രവചനക്കാരെയും ജോത്സ്യന്മാരെയും, ആകാശത്ത് നിന്ന് അറിവുകിട്ടുന്നു എന്ന വാദക്കാരെയും യാതൊരടിസ്ഥാനവുമില്ലാത്തവരാണെന്ന് പഠിപ്പിപ്പിക്കുകയാണ്. ജോത്സ്യവൃത്തി ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന് നബി തിരുമേനി പറഞ്ഞു. മുസ്ലിം പുരോഹിതന്മാർ ഇത്തരം കാര്യങ്ങൾക്ക് ചില അറബി പേരു നൽകി ഇതേ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. നബി തിരുമേനി കടുത്ത ഭാഷയിൽ താക്കീത് നൽകിയ വിഷയങ്ങളാണിതെന്നവർ ഓർത്തുകൊള്ളട്ടെ. ആകാശ ലോകത്ത് നിന്ന് യാതൊന്നും കട്ട്  കേൾക്കാനുള്ള സാധ്യത നബി തിരുമേനി(സ) യുടെ നിയോഗത്തോടെ അടഞ്ഞു കഴിഞ്ഞു എന്ന് ബോധ്യപ്പെട്ട് കഴിഞ്ഞാൽ, ഇതിന്റെ മറവിൽ പടുത്തുയർത്താൻ ശ്രമിക്കുന്ന മാരണ വിദ്യയും മറ്റനേകം നൂലാമാലകളും മുസ്ലിം ലോകത്ത് നിലനിൽക്കാൻ കഴിയാതെ തകർന്നു പോകും.ഇത്തരം മേഖലയിൽ മുസ് ലിംകൾക്കിടയിലുള്ള അന്ധവിശ്വാസങ്ങൾക്കും അതിൻമേൽ വെച്ചു കെട്ടിയുണ്ടാക്കിയ ആചാരങ്ങൾക്കും യാതൊരപ്പൊനവുമില്ല. കേരള മുസ്ലിം നവോത്ഥാന പ്രസ്ഥാനം ഒരു പിളർപ്പിനെ നേരിടേണ്ടി വന്നതിൽ ഇത്തരം ചില അന്ധവിശ്വാസങ്ങളോട് മൃതു സമീപനം സ്വീകരിച്ചത് കൂടി പങ്കുവഹിച്ചിട്ടുണ്ട്. അന്ത്യദിനം വരേക്കും അദൃശ്യ ലോകം അല്ലാഹു സംരക്ഷിച്ചിരിക്കുന്നു.


അബ്ദുസ്സലാം പുത്തൂർ

No comments:

Post a Comment