Wednesday, 18 November 2020

എന്ത് കൊണ്ട് കൂടോത്രവാദത്തെ നിരാകരിക്കുന്നു.

 എന്ത് കൊണ്ട് കൂടോത്രവാദത്തെ നിരാകരിക്കുന്നു.


"എന്നാല്‍ ഒരു ഹദീസിന്റെ റിപ്പോര്‍ട്ട് പ്രത്യക്ഷത്തില്‍ ന്യൂനതയില്ലാത്തതായി കണ്ടാലും അത് ഖുര്‍ആനിന്റെ വ്യക്തമായ നിര്‌ദേശത്തിന്‌ വിരുദ്ധമായാല്‍ തള്ളേണ്ടതാകുന്നു. ഖുര്‍ആനിന് വിരുദ്ധമായത് നബി (സ) പറയുകയില്ലല്ലോ. ആകയാല്‍ എവിടെയോ അതില്‍ കുഴപ്പം വന്നിരിക്കാമെന്നും അത് അറിയപ്പെടാതെ പോയതായിരിക്കാം എന്നും അനുമാനിക്കാനേ നിവര്‍ത്തിയുള്ളൂ." (വിചിന്തനം - 2013 മാര്‍ച്ച്‌ 15. പേജ് 12)


വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, നബി(സ) മസ്‌ഹൂറാണെന്നത് അക്രമികളുടെ വാദമാണെന്നും അങ്ങിനെ പറഞ്ഞതിനാൽ അവർ വഴിപിഴച്ചെന്നും.(17:47,48  25:8,9) ആ സ്ഥിതിക്ക് പ്രസ്തുത പ്രഖ്യാപനത്തിന്റെ സമയത്ത് മാത്രമല്ല അതിനു മുൻപോ ശേഷമോ ഒരു നിമിഷം പോലും നബി(സ) മസ്‌ഹൂറായെന്ന് അംഗീകരിക്കാനാവില്ല.


വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, മാരണക്കാർക്ക് ഒരിക്കലും വിജയിക്കാനാവില്ല എന്ന്.(20:69, 10:77). ആ സ്ഥിതിക്ക് പ്രവാചകനെ ഉപദ്രവിക്കാൻ കൂടോത്രം ചെയ്ത ലബീദ് എന്ന സാഹിർ വിജയിച്ചെന്ന് ഒരിക്കലും അംഗീകരിക്കാനാവില്ല.


വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, അല്ലാഹുവിന്റെ നിഷ്‌കളങ്കരായ ദാസന്‍മാരെ ഉപദ്രവിക്കാന്‍ പിശാചിനു സാധ്യമല്ലെന്ന് (15:40,41,42), ആ സ്ഥിതിക്ക് അത്യുത്തമനായ പ്രവാചകനെ പിശാചിന്റെ സഹായത്തോടെ ലബീദെന്ന ജൂതൻ കൂടോത്രം ചെയ്ത് ഉപദ്രവിച്ചെന്ന് അംഗീകരിക്കാനാവില്ല.


വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, (പ്രബോധന ദൗത്യത്തെ ബാധിക്കുന്ന) ജനോപദ്രവങ്ങളില്‍ നിന്ന് അല്ലാഹു നബിയെ സംരക്ഷിക്കുമെന്ന് (5:67), ആ സ്ഥിതിക്ക് ഒരു ജൂതന്റെ ദ്രോഹത്തിന് ഇരയായി പ്രവാചകന്റെ ധിഷണയിൽ താളപ്പിഴയുണ്ടായെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.


വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു, ഹഖീഖത്തില്ലാത്തതിനെയാണ് സിഹ്‌ർ എന്ന് പറയുക എന്ന് (15:14,15 52:14,15  10:77). ഇതനുസരിച്ച് സിഹ്‌ർ യാഥാർത്ഥ്യമില്ലാത്ത വെറും മിഥ്യയാണെന്നിരിക്കെ, പ്രവാചകനെതിരിൽ ഒരു ജൂതൻ അത് പ്രയോഗിച്ചപ്പോൾ യഥാർത്ഥ പ്രതിഫലനമുണ്ടായെന്ന് അംഗീകരിക്കാനാവില്ല.


വിശുദ്ധ ഖുർആൻ പറയുന്നു, ഓരോ പ്രവാചകന്‍മാരുടെയും പ്രബോധിതര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍, ഇത് വ്യക്തമായ സിഹ്‌റല്ലാതെ മറ്റൊന്നുമല്ലെന്ന് പറയാറുണ്ടായിരുന്നെന്ന്.(ഉദ: 37:14,15  6:7   10:76 ..). സിഹ്‌ർ എന്നാൽ അടിസ്ഥാനമില്ലാത്ത തട്ടിപ്പാണെന്നാണിതിൽ നിന്ന് വ്യക്തമാവുന്നതെന്നിരിക്കെ അത്തരമൊരു തട്ടിപ്പ് പ്രവാചകനെതിരിൽ യഥാർത്ഥത്തിൽ ഫലിപ്പിക്കാൻ ഒരു ജൂതന് കഴിഞ്ഞു എന്ന് അംഗീകരിക്കാനാവില്ല.


വിശുദ്ധ ഖുർആനിൽ പ്രവാചകനോട്  ശത്രുക്കളെ വെല്ലുവിളിക്കാൻ നിർദ്ദേശിക്കുന്നത് കാണാം, നിങ്ങളുടെ പങ്കാളികളെയൊക്കെ പൂജിച്ച് ഒട്ടും ഇട തരാതെ (മറഞ്ഞ മാർഗ്ഗത്തിൽ) എനിക്കെതിരെ കുതന്ത്രം പ്രയോഗിച്ച് കൊള്ളുക എന്ന്.(7: 195 ). ശത്രുക്കൾക്ക് ഒരിക്കലുമങ്ങിനെ ചെയ്യാനാവില്ലെന്നാണിതിന്റെ ഉദ്ദേശമെന്നിരിക്കെ ലബീദെന്ന ശത്രുവിന്  ശിർക്കിലധിഷ്ഠിതമായ ക്ഷുദ്രക്രിയകളിലൂടെ അത് സാധിച്ചെന്ന് അംഗീകരിക്കാനാവില്ല.


വിശുദ്ധ ഖുർആൻ പറയുന്നു, തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു എന്ന് (7:201). അപ്പോൾ മറ്റേതൊരു മനുഷ്യനേക്കാളും സൂക്ഷ്മത പാലിക്കുന്ന പ്രവാചകന് മാസങ്ങളോളം കൂടോത്രം ബാധിച്ച് അദ്ദേഹത്തിന്റെ മനോനിലയിൽ വ്യതിയാനം വന്നു പ്രയാസമനുഭവിച്ചെന്ന് അംഗീകരിക്കാനാവില്ല.


സിഹ്‌റിൽ വിശ്വസിക്കുന്നവനെ അല്ലാഹു ശപിച്ചതായി വിശുദ്ധഖുർആൻ പറയുന്നു. (4:51), അതിനാൽ പ്രവാചകനു മാരണം ബാധിച്ചെന്ന് പറയുന്ന റിപ്പോർട്ട് അംഗീകരിക്കാൻ വയ്യ.



വസ്തുത ഇങ്ങിനെയൊക്കെയാണെങ്കിലും, ചിലർക്ക് ലബീദ്‌ ബിൻ അ‌അ്സം പ്രവാചകനെതിരെ ചെയ്ത കൂടോത്രം ഫലിക്കുകയും അത് വഴി അല്ലാഹുവിന്റെ റസൂലിന്റെ മനോനിലയിൽ തകരാറ് സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനും വലിയ വാശിയാണിപ്പോൾ. പക്ഷെ, പ്രമാണങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുന്നുമില്ല. അവരിപ്പോൾ ഗവേഷണത്തിലാണ്...


ചിലർ പറയുന്നു, റസൂലിനു മൂസാ(അ)ക്ക് തോന്നിയ പോലെ ചെറിയൊരു തോന്നൽ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന്. മൂസ(അ)യുടെ മുന്നിൽ നടന്നത് കാര്യകാരണ ബന്ധം മനസ്സിലാക്കാവുന്ന വെറുമൊരു മാജിക്ക് ആയിരുന്നു. പ്രവാചകനെതിരിൽ ചെയ്തെന്ന് ഹദീസിൽ പറയുന്നത് ഗൈബിയായ നിലക്കുള്ളതെന്ന് പറയപ്പെടുന്ന കൂടോത്രമാണ്.


ചിലർ പറയുന്നു,  ഭാര്യമാരെ സമീപിക്കുന്നതിലുള്ള ചെറിയ ആശയക്കുഴപ്പമേ നബിക്കുണ്ടായിട്ടുള്ളൂ എന്ന്. എന്നാൽ റസൂലിന് ഒരു സംഗതി ചെയ്തിട്ടുണ്ടാവുമെന്ന് തോന്നും, വാസ്തവത്തിൽ അത് ചെയ്തിട്ടുണ്ടാവില്ല എന്നാണ് സ്വഹീഹുൽ ബുഖാരിയിലെ ഇത് സംബന്ധിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്. നാൽപ്പത് ദിവസമോ ആറ് മാസമോ ഒക്കെ ഇത്തരമൊരു അനുഭവമുണ്ടാവുക എന്നത് ഗുരുതരമായ അവസ്ഥ തന്നെയാണ്.


ചിലർ പറയുന്നു, റസൂലിനു ബാധിച്ചു എന്ന് പറയുന്ന മാരണത്തിൽ പിശാചിനു പങ്കില്ല. അത് വിമർശകർ വെറുതെ ആരോപിക്കുകയാണ്. എന്നാൽ, സ്വഹീഹുൽ ബുഖാരിയിൽ ബാബു സ്വിഫത്തു ഇബ്‌ലീസി വ ജുനൂദിഹി എന്ന അധ്യായത്തിൽ ഒന്നാമത്തേതായി കൊടുത്തിട്ടുള്ളത് നബിക്ക് സിഹ്ർ ബാധിച്ചെന്ന റിപ്പോർട്ട് ആണ്. ഇബ്‌നു ഹജറുൽ അസ്ഖലാനി‌(റ) ഇതിനെ കുറിച്ച്, ശൈത്വാന്റെ സഹായത്തോടെയേ മാരണം പൂർത്തിയാവൂ എന്നും അത് കൊണ്ടാണ് ഈ അധ്യായത്തിൽ ഇത് കൊണ്ടുവന്നത് എന്നും പ്രസ്താവിക്കുന്നുണ്ട്. സ്വഹീഹുൽ ബുഖാരിയിലെ ഏതെങ്കിലും ഹദീസിനെ വിമർശിക്കുന്നതോ അംഗീകരിക്കാതിരിക്കുന്നതോ ഹദീസ് നിഷേധമായി കാണുന്നവർ റസൂലിനു ബാധിച്ചു എന്ന് പറയുന്ന മാരണത്തിൽ പിശാചിനു പങ്കില്ല എന്ന വാദത്തെ ഇവയുടെ അടിസ്ഥാനത്തിൽ എങ്ങിനെ കാണും.


ചിലർ പറയുന്നു,  കൂടോത്രത്തിന്റെ പിന്നിൽ ശൈത്വാന്റെ സഹായമുണ്ടെന്ന വാദം പൂർവകാല പണ്ഡിതന്മാരൊക്കെ സാഹിറന്മാർ പറഞ്ഞത് ഏറ്റ് പറഞ്ഞതാണെന്ന്. ഹദീസ് നിഷേധാരോപകരുടെ മാനദണ്ഡ പ്രകാരം  ഇത് ഇമാം ബുഖാരി അടക്കമുള്ളവരോടുള്ള നിന്ദയും നിഷേധവുമല്ലാതാവുന്നതെങ്ങിനെയാണ്.


ചിലർ പറയുന്നു നബി(സ)ക്ക് ഫലിച്ചു എന്ന് പറയുന്ന കൂടോത്രത്തിന്റെ പ്രവർത്തനം കാര്യകാരണ ബന്ധത്തിനധീനമാണെന്ന്. എന്നാൽ, ലബീദ് എന്നൊരു ജൂതന്‍  മദീനയുടെ എവിടെയോ ഇരുന്ന് ചീര്‍പ്പ്, മുടി, ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാള എന്നീ വസ്തുക്കളില്‍ എന്തോ ആഭിചാരക്രിയകള്‍ നടത്തി ദർവാൻ എന്ന കിണറ്റിലിട്ടതിന്റെ പേരില്‍, അതൊന്നുമറിയാതിരുന്ന നബിക്ക് അത് ആ ജൂതന്‍ ഉദ്ദേശിച്ച പ്രകാരം നബിയുടെ മാനസിക നില തകരാറിലാവാന്‍ കാരണമായെന്ന്പറയുന്നതിലെ കാര്യകാരണ ബന്ധം ആർക്കാണ് വിശദീകരിക്കാനാവുക.


ചിലർ പറയുന്നു, നബി(സ)ക്ക് സേവനം ചെയ്തിരുന്ന ജൂതപ്പയ്യന്റെ കയ്യിൽ ലബീദ് എൽപ്പിച്ച വിഷം അവൻ തന്ത്രപരമായി നബിയുടെ ഭക്ഷണത്തിൽ ചേർത്തതാണ് ആ സിഹ്റ് എന്ന്. മറ്റു ചിലർ പറയുന്നു, ലബീദ് വിഷം പുരട്ടി വെച്ച ചീർപ്പുപയോഗിച്ച് മുടി ചീകിയപ്പോൾ റസൂലിന്റെ തലയോട്ടി വഴി തലച്ചോറിന്റെ പ്രവർത്തനത്തിൽ അത് മാറ്റങ്ങളുണ്ടാക്കി എന്ന്. വേറെ ചിലർ പറയുന്നു, റസൂലിന്റെ മുടിയും ചീർപ്പും ഉപയോഗിച്ച് റസൂലിന്റെ മുന്നിൽ നിന്ന് എന്തോ ചെയ്തപ്പോൾ റസൂലിനു തോന്നലുണ്ടായി എന്ന്. റസൂലിനു സിഹ്‌ർ ബാധിച്ചെന്ന വാദത്തിനു അടിസ്ഥാനമാക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾ പ്രകാരം ഇതൊന്ന് വ്യാഖ്യാനിക്കാൻ ആർക്കാണ് സാധിക്കുക. അതിനോട് യോജിക്കുന്നില്ലെങ്കിൽ ഈ വാദങ്ങളെയും ഹദീസ് നിഷേധമെന്ന് വിളിക്കുമോ.


ചുരുക്കത്തിൽ, പുണ്യറസൂലിനു കൂടോത്രം ബാധിച്ചെന്ന് വിശ്വസിക്കാൻ തയ്യാറാവാത്തതിന്റെ പേരിൽ നിങ്ങൾക്ക് ഞങ്ങളെ എന്തും വിളിക്കാം. ഹദീസ് നിഷേധിയെന്നോ മു‌അ്ത്തസലിയെന്നോ ചേകനൂരിയെന്നോ നുബുവ്വത്ത് നിഷേധികളുടെയോ വിധി നിഷേധികളുടെയോ ജിന്ന് നിഷേധികളുടെയോ ഒക്കെ പിൻഗാമി എന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ. എങ്കിലും ആണയിട്ട് ഞങ്ങൾ പറയും, ഞങ്ങളുടെ മുത്ത് റസൂലിനു മാരണം ബാധിച്ചിട്ടില്ല എന്ന്.


മൻസൂറലി ചെമ്മാട്

No comments:

Post a Comment