Showing posts with label സിഹ്‌റ്. Show all posts
Showing posts with label സിഹ്‌റ്. Show all posts

Thursday, 21 March 2019

മാനവരിൽ മഹോന്നതനു മാരണം ബാധിക്കുമോ?................


സകല വിധ പിശാചുക്കളില്‍ നിന്നും അല്ലാഹു സംരക്ഷണം നല്‍കിയ നബി(സ)ക്ക് (പിശാച്) മാരണം ബാധിച്ചെന്ന് ജല്‍പ്പിച്ച് നടക്കുന്ന ഒരു കൂട്ടര്‍ തന്നെ മുഹമ്മദ് നബി(സ) മാനവരില്‍ മഹോന്നതന്‍ എന്ന് മാലോകരോട് പറയാന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു എന്നത് ആധുനിക കാലത്തെ വലിയ തമാശകളിലൊന്നാവും. സിഹ്‌റ് ബാധയെ സത്യപ്പെടുത്തുന്ന ജിന്ന്ഇന്‍സ് വിഭാഗങ്ങള്‍ തര്‍ക്കമില്ലാതെ യോജിക്കുന്ന ഒരു കാര്യമാണ് സിഹ്‌റിന്റെ ഉപദ്രവത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണെന്നത്. 
യഥാര്‍ത്ഥ സത്യവിശ്വാസികള്‍ക്ക് അത്തരം ദ്രോഹം ഉണ്ടാക്കുന്നത് പോയിട്ട് അവരെ വഴിപിഴപ്പിക്കാന്‍ പോലും പിശാചിനാവില്ലെന്നാണ് വിശുദ്ധ ഖുര്‍ആന്‍ നിരവധി വചനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ആ സത്യവിശ്വാസികളില്‍ അത്യുന്നതനും സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടനുമായ പ്രവാചകന് പിശാചിന്റെ ദ്രോഹമായ സിഹ്‌റ് ബാധിക്കുകയില്ല എന്ന വസ്തുത വിശുദ്ധ പ്രമാണങ്ങളില്‍ സംശയത്തിനിടയില്ലാത്തവിധം വ്യക്തമാണ്. 
“തീര്‍ച്ചയായും എന്റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല” (സൂറ: ഹിജ്‌റ് :42)
“അവരെ മുഴുവന്‍ ഞാന്‍(പിശാച്) വഴിപിഴപ്പിക്കുക തന്നെ ചെയ്യും. അവരില്‍ നിഷ്‌കളങ്കരായ നിന്റെ ദാസന്‍മാരെയൊഴികെ”(സൂറ: സ്വാദ്: 82,83)
സത്യവിശ്വാസികളെ വഴി തെറ്റിക്കുവാനും ദ്രോഹിക്കുവാനും പിശാചിന് സാധ്യമല്ലെന്ന് മേല്‍വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല, നബി(സ)ക്ക് പ്രത്യേകിച്ച് ഒരിക്കലും പിശാച് ബാധയേല്‍ക്കില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. അതിപ്രകാരം: “ നബിയേ, പറയുക; ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ ഇറങ്ങുന്നു”(സൂറ: ശുഅറാഅ് 221, 222). ഇവിടെ പിശാച് ഇറങ്ങുക എന്നത് കൊണ്ടുള്ള വിവക്ഷ, വഴിതെറ്റിക്കുക എന്നതാണ്. 
ഈ വിഷയത്തില്‍ വന്ന ഒരു നബിവചനം നോക്കുക: “നിങ്ങളില്‍ ഒരാളും തന്നെ പിശാചില്‍ പെട്ട ഒരു കൂട്ടുകാരനെ(വഴിപിഴപ്പിക്കാന്‍) ഏല്‍പ്പിക്കപ്പെടാത്തവനായി ആരും തന്നെയില്ല. സ്വഹാബികള്‍ ചോദിച്ചു; അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്കുമുണ്ടോ അപ്രകാരമൊരു കൂട്ടുകാരന്‍? നബി(സ) അരുളി: അതെ, പക്ഷെ അല്ലാഹു അവന്റെ ശറ്റില്‍ നിന്നും എന്നെ സഹായിച്ചിരിക്കുന്നു. അവന്‍ നന്മയല്ലാതെ എന്നോട് കല്‍പ്പിക്കുന്നതുമല്ല. (അഹ്മദ്, മുസ്ലിം, ഇബ്‌നുകസീര്‍ 4/515)
മേല്‍ കൊടുത്ത വചനങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്; നബി(സ)ക്ക് ഒരിക്കലും പിശാചിന്റെ ദുര്‍ബോധനമോ ദ്രോഹമോ ഏല്‍ക്കുന്നതല്ല. മാത്രവുമല്ല, നബി(സ)ക്ക് പിശാചിന്റെ എല്ലാവിധ ശര്‍റുകളില്‍ നിന്നും അല്ലാഹു സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: “അല്ലാഹുവിന്റെ ദൂതരേ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കള്‍ ജനങ്ങള്‍ക് എത്തിച്ച് കൊടുക്കുക. അങ്ങിനെ ചെയ്യാത്തപക്ഷം താങ്കള്‍ താങ്കളുടെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്”(സൂറ: മാഇദ: 67). ഇബ്‌നുകസീര്‍ ഉദ്ധരിക്കുന്ന മറ്റൊരു സം‘വം ഇപ്രകാരമാണ്: “യഅ്ഖൂബ് ബ്‌നു ഗയ്‌ലാന്‍ (റ) അബൂ ഖുറൈബില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ) ഇപ്രകാരം അരുളുകയുണ്ടായി; തീര്‍ച്ചയായും അല്ലാഹു മനുഷ്യപ്പിശാചുക്കളില്‍ നിന്നും ജിന്ന് പിശാചുക്കളില്‍ നിന്നും എനിക്ക് സംരക്ഷണം നല്‍കിയിരിക്കുന്നു” (ത്വബ്‌റാനി, ഇബ്‌നുകസീര്‍:2/79). മാത്രവുമല്ല, നബി(സ)ക്ക് പിശാചിന്റെ ദുര്‍ബോധനമോ ദ്രോഹമോ ഏല്‍ക്കുകയില്ലെന്ന് ഇജ്മാഅ് ഉണ്ട്. ഇമാം നവവിയുടെ പ്രസ്താവന ശ്രദ്ധിക്കുക: “നബി(സ)യുടെ നാക്കിനും മനസ്സിനും ശരീരത്തിനും പിശാചില്‍ നിന്ന് സംരക്ഷണമുണ്ടെന്ന് മുസ്ലിം സമുദായം ഏകോപിച്ചിരിക്കുന്നു എന്ന് ക്വാളി ഇയാള് പ്രസ്താവിച്ചിരിക്കുന്നു”(ശറഹ് മുസ്ലിം 9/173).
നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന പ്രചാരണം നടത്തിയത് മുശ്രിക്കുകളായിരുന്നു. സൂറ: ഫുര്‍ഖാന്‍ 8,9 വചനങ്ങളിലും സൂറ: ഇസ്‌റാഅ് 47,48 വചനങ്ങളിലും അക്കാര്യം അരുളിയിട്ടുണ്ട്. “..അക്രമികള്‍ പറയുകയാണ്; മാരണം ബാധിച്ച ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല എന്ന്. നബിയേ, (നോക്കുക) അവര്‍ നിന്നെ കുറിച്ച് ഉപകള്‍ വിവരിച്ചതെങ്ങിനെയാണെന്ന്. അങ്ങിനെ അവര്‍ വഴിപിഴച്ച് പോയി. ആകയാല്‍ അവര്‍ക്ക് ഒരു മാര്‍ക്ഷവും കണ്ടെത്താന്‍ സാധിക്കുകയില്ല.”(സൂറ: ഫുര്‍ഖാന്‍ 8,9). 
ഈ ആയത്തിനെ അമാനി മൌലവി വ്യാഖ്യാനിക്കുന്നത് ഇപ്രകാരം:
മുഹമ്മദിന് ഒരു സഹായകനും സാക്ഷിയും എന്ന നിലക്ക് എന്തുകൊണ്ട് ഒരു മലക്കിനെ തന്റെ ഒപ്പം ഇറക്കിക്കൊടുക്കപ്പെടുന്നില്ല?അല്ലെങ്കില്‍ അവനു സുഖമായി കഴിഞ്ഞ് കൂടത്തക്ക വിധം ഒരു തോട്ടം ഉണ്ടാവരുതോ?അതുമല്ലെങ്കില്‍ അവനു അങ്ങാടിയിലും മറ്റും പോയി വിഷമിക്കാതെ ജീവിക്കുമാറ് വല്ല നിക്ഷേപവും നല്‍കപ്പെടരുതോ?!എന്നിങ്ങിനെ ബാലിശമായ മറ്റു ചോദ്യങ്ങളാകട്ടെ, അവരുടെ ചിന്താശൂന്യതയും കുബുദ്ധിയും മാത്രമാണ് പ്രകടമാക്കുന്നത്. ഈ പ്രലോഭനങ്ങളുടെ അടിസ്ഥാനത്തില്‍ ഒടുക്കം അവര്‍ സ്വയം തന്നെ വിധി കല്‍പ്പിക്കുകയാണ്.”മുഹമ്മദിന് എന്തോ ആഭിചാര ബാധയേറ്റ് മാരണം ബാധിച്ച് ബുദ്ധി ഭ്രമിച്ച് പോയിരിക്കുന്നു.അത് നിമിത്തം അവന്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അല്ലാതെ അവന്‍ ദൈവദൂതനൊന്നുമല്ല. എന്നൊക്കെ. ഇത്യാദി വിഡ്ഡിത്തവും നിരര്‍ത്ഥകങ്ങളായ വാദങ്ങളും കേട്ട് വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി(സ)യെ സമാശ്വസിപ്പിക്കുകയാണ് 9ാം വചനം ചെയ്യുന്നത്.
സൂറ: ഇസ്‌റാഇലെ 47ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി നബി(സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്ന് പ്രചരിപ്പിച്ചിരുന്നവര്‍ ആരൊക്കെയായിരുന്നുവെന്ന് രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: “അബൂജഹല്‍, വലീദുബ്‌നുല്‍ മുഗീറ എന്നിവരും അതുപോലുള്ളവരുമായിരുന്നു”(അല്‍ ജാമിഉലിഅഹ്ഖാമില്‍ ഖുര്‍ആന്‍, ഇസ്രാഅ് 47). ഇബ്‌നു കസീര്‍ അതേ വചനം വ്യാഖ്യാനിച്ച് കൊണ്ട് രേഖപ്പെടുത്തി; “ഖുറൈശീ കാഫിറുകളുടെ നേതാക്കളായിരുന്നു അപ്രകാരം പ്രചാരണം നടത്തിയിരുന്നത്”(ഇബ്‌നു കസീര്‍ , ഇസ്രാഅ് 47). ചിന്തിക്കുക സഹോദരങ്ങളേ, കാഫിറുകള്‍ മുന്‍പ് ഏറ്റെടുത്ത ദൌത്യം ഇപ്പോള്‍ നാം ഏറ്റു പിടിക്കുന്നത് ഉചിതമാണോ?
നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന റിപ്പോര്‍ട്ടിനെ ഇമാം നവവി(റ) വിലയിരുത്തുന്നത് കാണുക. “ശിഹാബ്(റ) പ്രസ്താവിച്ചു; അത് അല്ലാഹു നിഷേധിച്ചതാണ്. വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പനക്ക് വിരുദ്ധവുമാണ്”. ഇമാം റാസി(റ) ക്വാളി ഇയാളില്‍ നിന്നും ഉദ്ധരിക്കുന്നു: “നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്നത് അടിസ്ഥാന രഹിതമാണ്. അല്ലാഹു താങ്കളെ (പിശാചുക്കളില്‍ നിന്ന്) സംരക്ഷിക്കും എന്നും മാരണക്കാരന്‍ എവിടെ ചെന്നാലും വിജയിക്കുകയില്ല എന്നും അല്ലാഹു അരുളിയതിനാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ എങ്ങിനെ അംഗീകരിക്കാന്‍ സാധിക്കും” (മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്; 19/243)
ഇമാം ഗസ്സാലി നബി(സ)ക്ക് സിഹ്‌റ് ബാധിച്ചെന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇപ്രകാരം രേഖപ്പെടുത്തി. അതും അദ്ദേഹത്തിന്റെ ‘മുസ്തസ്വഫ’ എന്ന ഗ്രന്ഥത്തെ ആധാരമാക്കി ഇമാം നവവി രേഖപ്പെടുത്തി: “അത് (നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചെന്നത്) ഖബറുല്‍ ആഹാദില്‍ പെട്ടതാണ്. ഖബറുല്‍ ആഹാദ് തളളിക്കളയാത്തവരായി സ്വഹാബികളില്‍ ആരും തന്നെയില്ല”(മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്; 19/244)
ഹനഫി മദ്ഹബിലെ പ്രമുഖ പണ്ഡിതനായ അബൂബക്കറുല്‍ ജസ്സ്വാസ്(റ) രേഖപ്പെടുത്തി: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നത് പോലുള്ള റിപ്പോര്‍ട്ടുകള്‍ ചില നിരീശ്വര നിര്‍മ്മതവാദികള്‍ പ്രവാചകന്മാരുടെ മുഅ്ജിസാത്തുകളെ നിഷ്ഫലമാക്കാന്‍ വേണ്ടി നിര്‍മ്മിച്ചുണ്ടാക്കിയതാണ്. സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുന്നതല്ല എന്ന് പറഞ്ഞിട്ട്‌പോലും”.(അഹ്കാമുല്‍ ഖുര്‍ആന്‍; 1/490).
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അഹ്മദ് മുസ്ത്വഫല്‍ മറാഗി രേഖപ്പെടുത്തുന്നത് ഇപ്രകാരം: “നബി(സ)ക്ക് സിഹ്‌റ് ബാധിക്കുകയെന്നത് അസംഭവ്യമാണ്. കാരണം, തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തിന് സിഹ്‌റില്‍ നിന്ന് സംരക്ഷണം നല്‍കിയിരിക്കുന്നു.”(തഫ്‌സീറുല്‍ മറാഗി; 10/407).
ഇനി സിഹ്‌റ് ഫലിക്കും എന്ന വിശ്വാസം യഹൂദി, നസ്വാറാക്കളുടെ വിശ്വാസമാണെന്ന് സൂറ: നിസാഅ് 51ാം വചനത്തില്‍ അല്ലാഹു അരുളി:” അവര്‍ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നവരാണ്”(സൂറ: നിസാഅ് 51). ഇതില്‍ ജിബ്ത് എന്ന് പറഞ്ഞാല്‍ സിഹ്‌റാണ്. 
ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തി: “ഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ), അബ്ദുല്‍ ആലിയ(റ), മുജാഹിദ്(റ), അത്വാഅ്(റ), ഇക്ള്‍രിമ(റ), സഇദ് ബ്‌നുല്‍ ജുബൈര്‍(റ), ശഅബി(റ), ഹസന്‍(റ), ഇസ്ഹാഖ്(റ), സുദ്ദി(റ) എന്നിവരെല്ലാം ജിബ്ത് എന്നതിനു സിഹ്ര്‍ എന്നാണ് വ്യാഖ്യാനം നല്‍കിയിട്ടുളളത്”.(ഇബ്‌നുകസീര്‍; 1/626).
സിഹ്ര്‍ ഫലം ചെയ്യും എന്ന് വിശ്വസിക്കുന്നവര്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല എന്ന് നബി(സ)യും അരുളുകയുണ്ടായി. “മൂന്ന്‌വിഭാഗം ആളുകള്‍ സ്വര്‍ഗത്തി ല്‍ കടക്കുന്നതല്ല. മുഴുകുടിയന്‍, കുടുംബബന്ധം മുറിക്കുന്നവന്‍, സിഹ്‌റിനെ സത്യപ്പെടുത്തുന്നവന്‍ എന്നിവരാണവര്‍.(അഹ്മദ്, അബൂമൂസ(റ)വില്‍ നിന്ന്).
ചുരുക്കത്തില്‍ മാനവരില്‍ മഹോന്നതന്‍ എന്ന വിശേഷണം കാമ്പയിന്‍ വിഷയമാക്കുന്നവര്‍ ആ വിശേഷണത്തിന് പൂര്‍ണ്ണമായും അര്‍ഹനായിരുന്നു നബി(സ) എന്ന് അംഗീകരിക്കാന്‍ ആദ്യം തയ്യാറാവണം. ഒരു ജൂതന്റെ ക്ഷുദ്രപ്രവര്‍ത്തനങ്ങളുടെ ഫലമായി പൈശാചിക ഉപദ്രവത്തിനു ഇരയായി മാസങ്ങളോളം ബുദ്ധിനിലക്ക് തകരാറ് സം‘വിച്ചവനായിരുന്നു നബി(സ) എന്ന് പ്രചരിപ്പിക്കുന്നവര്‍ സത്യത്തില്‍ നബി(സ)യെ മാനവരില്‍ മഹോന്നതന്‍ എന്ന പദവിയില്‍ നിന്ന് ഇടിച്ച് താഴ്ത്തുകയാണ് ചെയ്യുന്നത്.
-------------പി കെ മൊയ്തീൻ സുല്ലമി

Tuesday, 19 March 2019

ജിന്നുകള്‍ ഭൗതികലോകത്തോ?!


“ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട്‌ സഹായം തേടല്‍ ശിര്‍ക്കാകില്ല എന്ന പുതിയ സമീപനത്തിന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഒരു തെളിവ്‌ ഉദ്ധരിക്കുമോ? മറുപടി: ജിന്നുകളും മലക്കുകളും അഭൗതികജീവികളാണെന്ന്‌ പറഞ്ഞത്‌ ഫൈസിയുടെ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിച്ചതാണ്‌. മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ... ഏത്‌ സൃഷ്‌ടിയോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്‌. തെളിവ്‌ ആവശ്യമെങ്കില്‍ പിന്നീട്‌ ഉദ്ധരിക്കാം (ഇന്‍ശാഅല്ലാഹ്‌). ഫൈസീ, എന്തെല്ലാം കുതന്ത്രങ്ങള്‍ ഒപ്പിച്ചാലും ഫൈസിയും കൂട്ടരും ചെയ്‌തുകൊണ്ടിരിക്കുന്ന മരിച്ചവരോടുള്ള സഹായതേട്ടം (പ്രാര്‍ഥന) ശിര്‍ക്കല്ലെന്ന്‌ സ്ഥാപിക്കാന്‍ ഒരിക്കലും ഖുബൂരി മൊല്ലമാര്‍ക്ക്‌ സാധിക്കുകയില്ല. അതിന്‌ മടവൂരികളെയല്ല സാക്ഷാല്‍ ജിന്ന്‌ പിശാചുക്കളെത്തന്നെ കൂട്ടുപിടിച്ചാലും കാര്യമില്ല.'' (കെ കെ സകരിയ്യാ സ്വലാഹി, ഇസ്വ്‌ലാഹ്‌ മാസിക - 2008 ഒക്‌ടോബര്‍, പേജ്‌ 29)


ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട്‌ സഹായം തേടല്‍ ശിര്‍ക്കാകില്ല എന്ന പുതിയ സമീപനത്തിന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഒരു തെളിവ്‌ ഉദ്ധരിക്കുമോ എന്ന്‌ ഫൈസി ചോദിച്ചതിന്‌ ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളോട്‌ സഹായംതേടല്‍ ശിര്‍ക്ക്‌ തന്നെയാണ്‌ എന്നതിന്‌ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം തെളിവുകളുള്ളത്‌ വിശദീകരിക്കാന്‍ ഇവര്‍ക്കു കഴിയാതെ പോയത്‌ ഇവര്‍ തൗഹീദില്‍ നിന്ന്‌ വ്യതിചലിച്ചതുകൊണ്ടാണ്‌. പുതിയ സമീപനം തെറ്റാണെന്നോ അത്‌ തിരുത്തിയിട്ടുണ്ടെന്നോ കഴിഞ്ഞ മാസത്തെ മാസികയില്‍ പോലും ഇവര്‍ എഴുതുന്നില്ല. മലക്ക്‌, ജിന്ന്‌, പിശാച്‌ തുടങ്ങിയ സൃഷ്‌ടികള്‍ ദൃശ്യവും ഭൗതികവുമായ ലോകത്തെ സൃഷ്‌ടികളാണെന്നും, ഇവര്‍ അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളാണെന്ന്‌ പറയുന്നത്‌ ഒരാളുടെ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിക്കലാണെന്നും എഴുതി ഇവര്‍ ഒന്നുകൂടി ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. വിശ്വാസരംഗത്ത്‌ ഇവര്‍ക്ക്‌ ശിര്‍ക്കും കുഫ്‌റും സംഭവിച്ചിട്ടുണ്ടെന്നതിന്‌ കഴിഞ്ഞ ലക്കത്തെ ഇസ്വ്‌ലാഹ്‌ മാസിക വരെ വ്യക്തമായ തെളിവാണെന്ന്‌ വായനക്കാര്‍ ശരിക്കും ഗ്രഹിച്ചു. ജിന്ന്‌, പിശാച്‌, മലക്ക്‌ തുടങ്ങിയ സൃഷ്‌ടികളെ വിളിച്ച്‌ സഹായം തേടല്‍ പ്രാര്‍ഥനയും ശിര്‍ക്കുമാണെന്നതിലേക്ക്‌ വിശുദ്ധ ഖുര്‍ആനിലെ ഏതാനും തെളിവുകള്‍ ഫൈസിക്ക്‌ വേണ്ടി ആദ്യമായി ഉദ്ധരിക്കാം.


``അവരെ നിങ്ങള്‍ വിളിച്ച്‌ സഹായംതേടിയാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. (അഥവാ) അവര്‍ കേള്‍ക്കുന്നപക്ഷം അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യുകയില്ല. അന്ത്യദിനത്തില്‍ നിങ്ങളുടെ പങ്കുചേര്‍ക്കലിനെ അവര്‍ നിഷേധിക്കുകയും ചെയ്യും'' (ഫാത്വിര്‍ 14). ദുആഅ്‌ എന്ന പദത്തിന്‌ സഹായം തേടുക എന്നാണ്‌ ഇമാം ഖുര്‍ത്വുബി ഇവിടെ നല്‌കുന്ന അര്‍ഥം (അയ്യ്‌ ഇന്‍ തസ്‌തഗീസൂബിഹിം ഫിന്നവാഇബി) (ഖുര്‍ത്വുബി 14:293). ശേഷം ഖുര്‍ത്വുബി എഴുതുന്നു: ``മലക്കുകള്‍, ജിന്ന്‌, നബിമാര്‍, പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക്‌ ഈ ആയത്ത്‌ മടക്കപ്പെടല്‍ അനുവദനീയമാണ്‌'' (14:293). റൂഹുല്‍ ബയാനില്‍ എഴുതുന്നു: ``ഇവിടെ അല്ലാഹുവിന്‌ പുറമെ ഇബാദത്തെടുക്കപ്പെടുന്ന ജിന്ന്‌, മനുഷ്യര്‍, വിഗ്രഹങ്ങള്‍ മുതലായ എല്ലാം ഉദ്ദേശിക്കപ്പെടല്‍ അനുവദനീയമാണ്‌'' (7:338). തഫ്‌സീര്‍ ജമലില്‍ ഉദ്ധരിക്കുന്നു: ``മലക്കുകള്‍, ജിന്ന്‌, നബിമാര്‍, പിശാച്‌ പോലെ ആരാധിക്കപ്പെട്ടവരെ ഇവിടെ ഉദ്ദേശിക്കല്‍ അനുവദനീയമാണെന്ന്‌ ഖുര്‍ത്വുബിയിലുണ്ട്‌'' (3:490). ഇബ്‌നുജരീര്‍(റ) ഇവിടെ ദുആഅ്‌ എന്ന പദത്തിന്‌ ഇബാദത്ത്‌ (ആരാധന) എന്നാണ്‌ അര്‍ഥം നല്‌കുന്നത്‌ (22:130). മുജാഹിദുകളെ സംബന്ധിച്ച്‌ ഈ രണ്ട്‌ അര്‍ഥവും സ്വീകാര്യമാണ്‌. കാരണം മരണപ്പെട്ടവരെയും ജിന്ന്‌, മലക്ക്‌, പിശാച്‌ മുതലായ സൃഷ്‌ടികളെയും വിളിച്ച്‌ ഇമാം ഖുര്‍തുബി പറഞ്ഞതുപോലെ ഇസ്‌തിഗാസ (സഹായ തേട്ടം) നടത്തല്‍ അവരെ ആരാധിക്കലും അവരോടു പ്രാര്‍ഥിക്കലുമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുപോലെ ശിര്‍ക്കും കുഫ്‌റുമാണ്‌. ഒരൊറ്റ ഖുര്‍ആന്‍ വ്യാഖ്യാതാവും മലക്കുകളോടും ജിന്നുകളോടും പിശാചിനോടും അവരുടെ കഴിവില്‍ പെട്ടത്‌ ചോദിക്കല്‍ ആയത്തിന്റെ പരിധിയില്‍ വരികയില്ലെന്ന്‌ എഴുതിയിട്ടില്ല. ജീവിച്ചിരിക്കുന്ന മനുഷ്യരോട്‌ ദൃശ്യമായ നിലക്ക്‌ അവരുടെ കഴിവില്‍ പെട്ടത്‌ ചോദിക്കലും ഉദ്ദേശിക്കപ്പെടുമെന്നും എഴുതിയിട്ടില്ല. ഈ സഹായതേട്ടം അനുവദനീയമായി കാണുന്നതുകൊണ്ടാണ്‌ മലക്കുകള്‍, ജിന്നുകള്‍, പിശാചുക്കള്‍, മരണപ്പെട്ടവര്‍ മുതലായവര്‍ ഉദ്ദേശിക്കപ്പെടുമെന്ന്‌ എഴുതിയിട്ടും ജീവിച്ചിരിക്കുന്ന മനുഷ്യരെ ആയത്തിന്റെ പരിധിയില്‍ പ്രവേശിപ്പിക്കാതിരുന്നത്‌. 

``അല്ലാഹുവിന്‌ പുറമെ, ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‌കാത്തവരെ വിളിച്ചുപ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.'' (അഹ്‌ഖാഫ്‌ 5,6)

മലക്കുകളും ജിന്നുകളും ഇവിടെ ഉദ്ദേശിക്കപ്പെടുന്നതാണ്‌ (തഫ്‌സീര്‍ അബുസ്സുഊദ്‌ 5:571, തഫ്‌സീര്‍ റാസി 27:6, തഫ്‌സീര്‍ റുഹൂല്‍ബയാന്‍ 8:465). ആയത്തിലെ ദുആഅ്‌ എന്ന പദത്തിന്‌ ഇബ്‌നു ജരീര്‍(റ) സഹായതേട്ടം (ഇസ്‌തിഗാസ) എന്നര്‍ഥം നല്‌കുന്നു (26:4). ഇബ്‌നുകസീര്‍(റ), ഇമാം സുയൂഥി (റ) മുതലായവര്‍ ആരാധന (ഇബാദത്ത്‌) എന്നര്‍ഥവും നല്‌കുന്നു. മുജാഹിദുകളെ സംബന്ധിച്ച്‌ ഇവിടെ രണ്ടര്‍ഥവും സ്വീകാര്യമാണ്‌. കാരണം മലക്കുകളോടും ജിന്നുകളോടും പിശാചിനോടും സഹായംതേടല്‍ ആരാധനയാണെന്ന്‌ ഈ ആയത്തുകളില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്‌. മലക്കുകളും ജിന്നുകളും പിശാചുക്കളും ആയത്തിന്റെ പരിധിയില്‍ വരുമെന്ന്‌ പറയുന്ന ഒരൊറ്റ മുസ്‌ലിംപണ്ഡിതനും മലക്കുകളുടെയും ജിന്നുകളുടെയും പിശാചിന്റെയും കഴിവുകളില്‍ പെട്ടത്‌ ചോദിച്ചാല്‍ ആയത്തിന്റെ പരിധിയില്‍ വരികയില്ലെന്ന്‌ ഒഴിവാക്കിക്കൊണ്ട്‌ പറയുന്നില്ല. 

``(നബിയേ), പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന്‌ ഉപദ്രവം നീക്കാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റംവരുത്താനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.'' (ഇസ്‌റാഅ്‌ 56) ജിന്നുകളെ വിളിച്ചുതേടുന്നവര്‍ ഈ സൂക്തത്തിന്റെ പരിധിയില്‍ വരുമെന്ന്‌ ഇബ്‌നുമസ്‌ഊദ്‌(റ) പോലെയുള്ള സ്വഹാബിമാര്‍ പറയുന്നുണ്ട്‌ (ബുഖാരി). മലക്കുകള്‍ ഇവിടെ ഉദ്ദേശിക്കപ്പെടുന്നതാണ്‌ (ജലാലൈനി, ബൈദ്വാവി, റാസി). മലക്കുകളോടും ജിന്നുകളോടും വിളിച്ച്‌ സഹായം തേടാന്‍ അംഗീകാരം നല്‌കുകയല്ല ഈ ആയത്തില്‍ ചെയ്യുന്നത്‌. പ്രത്യുത അവരെ വിളിച്ച്‌ സഹായം തേടിയാല്‍ യാതൊരു ഉപകാരവും ചെയ്യുകയില്ലെന്നും മുശ്രിക്കുകളെ ഉണര്‍ത്തുകയാണ്‌.

(എ) ``ഗ്വയ്‌ബില്‍ വിശ്വസിക്കുക എന്നതുകൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ സത്ത, മലക്കുകള്‍, പരലോകം... ആദിയായ ബാഹ്യേന്ദ്രിയങ്ങള്‍ വഴിയോ ആന്തരേന്ദ്രിയങ്ങള്‍ വഴിയോ അല്ലെങ്കില്‍ ബുദ്ധികൊണ്ടോ സ്വയം കണ്ടെത്താന്‍ കഴിയാത്തതും വേദഗ്രന്ഥങ്ങളുടെയും പ്രവാചകന്മാരുടെയും പ്രസ്‌താവനകള്‍ കൊണ്ട്‌ മാത്രം അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങളാകുന്നു.'' (അമാനി മൗലവി 1:124) 

(ബി) ``പക്ഷേ യുക്തിവാദികള്‍ക്കും ഭൗതികവാദികള്‍ക്കും അതൊന്നും ബാധകമല്ലാത്തതുകൊണ്ട്‌ കേവലം അദൃശ്യങ്ങളായ ജിന്ന്‌, ശൈത്വാന്‍ മുതലായ പലതിനെയും അവര്‍ നിഷേധിക്കുന്നതില്‍ അത്ഭുതമില്ല. ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ട്‌ ഗ്രഹിക്കാന്‍ കഴിയാത്ത കാര്യങ്ങളും യുക്തികൊണ്ടോ ശാസ്‌ത്രം കൊണ്ടോ മനസ്സിലാക്കാനും സ്ഥാപിക്കാനും സാധ്യമല്ല. ദൈവികവും വൈദികവുമായ മാര്‍ഗദര്‍ശനങ്ങള്‍ മുഖേന മാത്രമേ അതിന്‌ സാധിക്കുകയുള്ളൂ. അതുകൊണ്ട്‌ സ്വര്‍ഗം, നരകം, പരലോകം, ആത്മാവ്‌, ജിന്ന്‌, മലക്ക്‌ ആദിയായവയെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അല്ലാഹുവിന്റെ വചനങ്ങളും അവന്റെ റസൂല്‍ മുഖേന ലഭിക്കുന്ന അറിവുകളും മാത്രമാണ്‌ അവലംബം.'' (അമാനി മൗലവി 2:167, വ്യാഖ്യാനക്കുറിപ്പ്‌ -ജിന്നും ശൈത്വാനും). അമാനി മൗലവി, മൂസാമൗലവി, അലവി മൗലവി, കെ പി മുഹമ്മദ്‌ മൗലവി മുതലായവര്‍ ജഹാലത്തും പൊട്ടത്തരവും ആവര്‍ത്തിരിക്കുന്നവരായിരുന്നോ? മലക്കും ജിന്നും പിശാചും അദൃശ്യവും അഭൗതികവുമായ സൃഷ്‌ടികളല്ല, ദൃശ്യവും ഭൗതികവുമായ ലോകത്ത്‌ ജീവിക്കുന്നവരാണെന്ന്‌ നവയാഥാസ്ഥിതികരല്ലാതെ, മുസ്ലിംലോകത്ത്‌ ജനിച്ച ഒരൊറ്റ പണ്ഡിതനും ഇതുവരെ പ്രസ്‌താവിച്ചിട്ടില്ല. 

(സി) ``അദൃശ്യലോകത്തില്‍ പെട്ട പിശാചുക്കളുടെയും ജിന്നുകളുടെയും സഹായം തേടുകയും...'' (കെ ഉമര്‍ മൗലവി, ഫാതിഹായുടെ തീരത്ത്‌, പേജ്‌ 125). ഉമര്‍ മൗലവി ജഹാലത്തും പൊട്ടത്തരങ്ങളും ആവര്‍ത്തിക്കുന്നയാളായിരുന്നോ?

(ഡി) ``മലക്കുകളില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുക എന്നതുകൊണ്ടു ഉദ്ദേശിക്കപ്പെടുമെന്ന്‌ അബൂആലിയ്യ(റ) പറഞ്ഞത്‌ സ്വഹീഹായ അഭിപ്രായമാണ്‌.'' (ഇബ്‌നുകസീര്‍ 1:58)

``മലക്കുകളില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുന്നതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു'' (ഇബ്‌നുജരീര്‍ 1:166). സൂര്യന്‍, ചന്ദ്രന്‍, ബാക്‌ടീരിയ, രോഗാണുക്കള്‍, അഗ്നി, വെള്ളം ഇവയുടെ അസ്‌തിത്വത്തില്‍ വിശ്വസിക്കല്‍ അദൃശ്യത്തില്‍ വിശ്വസിക്കുക എന്നതിന്റെ പരിധിയില്‍ പ്രവേശിക്കുമോ? ``മനുഷ്യനാകട്ടെ, ജിന്നാകട്ടെ മലക്കാകട്ടെ... ഏത്‌ സൃഷ്‌ടിയോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്‌'' എന്ന്‌ കെ കെ സകരിയ്യ സ്വലാഹി എഴുതുന്നു. ഇപ്രകാരം എഴുതാനും പ്രസംഗിക്കാനും ഖുബൂരികളും ചിലപ്പോള്‍ ഈമാന്‍ പ്രകടിപ്പിക്കാറുണ്ട്‌. ജിന്നുകളോടും മലക്കുകളോടും സഹായംതേടല്‍ ശിര്‍ക്കാണോ അല്ലേ എന്നാണ്‌ ഇവിടെ അടിസ്ഥാനപ്രശ്‌നം. സഹായംതേടല്‍ എന്നത്‌ ഒഴിവാക്കി പ്രാര്‍ഥന എന്ന പദം പ്രയോഗിച്ച്‌ മലക്കുകളോടും ജിന്നുകളോടും പിശാചുക്കളോടും സഹായം തേടാമെന്ന നവയാഥാസ്ഥിതികരുടെ ശിര്‍ക്കും കുഫ്‌റും നിറഞ്ഞ ജല്‌പനത്തെ ഇവര്‍ വീണ്ടും സ്ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌. മലക്കുകളോടും ജിന്നുകളോടും പിശാചുക്കളോടും പ്രാര്‍ഥിച്ചു എന്ന്‌ പറയാന്‍ ഇവരുടെ കഴിവുകളില്‍ പെടാത്തത്‌ ചോദിക്കണമെന്ന്‌ ഇവര്‍ വിശദീകരിക്കുകയും ചെയ്യുന്നു.
“ജിന്ന്‌, പിശാച്‌ വിഷയത്തില്‍ പുതിയത്‌, പഴയത്‌ എന്നിങ്ങനെ രണ്ട്‌ നിലപാടില്ലെന്ന്‌ ആദ്യമേ പറഞ്ഞല്ലോ. അതെല്ലാം മടവൂരികള്‍ സ്വന്തം അണികളെ പിടിച്ചുനിര്‍ത്താന്‍ പടച്ചുവിട്ട പുകമറകള്‍ മാത്രമാണ്‌'' (കെ കെ സകരിയ്യ സ്വലാഹി, ഇസ്വ്‌ലാഹ്‌ മാസിക -2008 ഒക്‌ടോബര്‍, പേജ്‌ 30). എങ്കില്‍ എന്തിനാണ്‌ തിരുത്തല്‍? ജിന്നുകളെയും പിശാചുക്കളെയും വിളിച്ച്‌ സഹായംതേടല്‍ ശിര്‍ക്കല്ലെന്ന്‌ മുമ്പുള്ള മുജാഹിദ്‌ പണ്ഡിതന്മാരില്‍ ആരെല്ലാമാണ്‌ പറഞ്ഞിരിക്കുന്നത്‌? അവരുടെ കഴിവുകളില്‍ പെടാത്തത്‌ ചോദിച്ചാല്‍ മാത്രമാണ്‌ അവരോടു പ്രാര്‍ഥിച്ചുവെന്ന്‌ പറയുക എന്ന്‌ ആരാണ്‌ പറഞ്ഞുതന്നത്‌? ഏതെല്ലാം മുജാഹിദ്‌ പണ്ഡിതന്മാരായിരുന്നു ജിന്നുകളെ ശരീരത്തില്‍ നിന്ന്‌ ഇറക്കാന്‍ വേണ്ടി സ്‌ത്രീകളെ വരെ അടിച്ചിരുന്നത്‌? ജിന്നുകളോട്‌ സഹായം തേടിയാല്‍ ജര്‍മനിയിലെ മരുന്നും വാച്ചും നിമിഷനേരം കൊണ്ട്‌ ജിന്ന്‌ കൊണ്ടുവന്നു തരുമെന്ന്‌ പറഞ്ഞിരുന്ന മുജാഹിദ്‌ പണ്ഡിതന്‍ ആരായിരുന്നു? ഈ സഹായതേട്ടം ശിര്‍ക്കല്ലെന്ന്‌ ജല്‌പിച്ചിരുന്ന മുജാഹിദ്‌ പണ്ഡിതര്‍ എവിടെയാണ്‌ ജീവിച്ചിരുന്നത്‌? ഈ ലോകത്തോ പാതാളത്തിലോ!

ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍


- നെല്ലും പതിരും -

 ``ജിന്നുകളെയും മലക്കുകളെയും അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്‌ പ്രാര്‍ഥന അല്ല എന്ന്‌ ഗവേഷണം ചെയ്യപ്പെട്ടതോടെ പ്രാര്‍ഥിക്കാനുള്ള അത്തരം സന്ദര്‍ഭം പോലും നഷ്‌ടമായി. ഇനി ബസ്സിന്റെ ബ്രേക്ക്‌ പൊട്ടുമ്പോള്‍ മലക്കിനെയും ഇഫ്‌രീത്തിനെയും വിളിക്കാം. കാരണം കാര്യകാരണ ബന്ധം മുറിയുന്നില്ല. പ്രാര്‍ഥനയോ ശിര്‍ക്കോ ആകുന്നുമില്ല.'' (സുന്നിവോയ്‌സ്‌ -2010 ഏപ്രില്‍ 1-15 പേജ്‌ 25) ഈ വിമര്‍ശനം എ പി വിഭാഗം മുജാഹിദുകളെ ഉദ്ദേശിച്ചുള്ളതാണ്‌. കാരണം, പ്രാര്‍ഥനക്ക്‌ മുജാഹിദുകള്‍ നല്‌കിയിരുന്ന വിശദീകരണം വരെ ഇടക്കാലത്ത്‌ തിരുത്തിയവരാണിവര്‍! അടിസ്ഥാന പ്രമാണത്തെ പോലും ഇവര്‍ അട്ടിമറിച്ചു. ഇവരുടെ പുതിയ നിര്‍വചനപ്രകാരം ഭൗതിക കാര്യങ്ങള്‍ക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ മാത്രം സഹായംതേടുകയും മറ്റുള്ളവരോട്‌ സഹായം തേടിയാല്‍ ശിര്‍ക്ക്‌ വന്നുപോകുകയും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നും അത്‌ ശിര്‍ക്കാവുകയില്ലെന്നും വരുന്നു. മനുഷ്യന്‌ ചെയ്യാന്‍ സാധിക്കുന്ന സംഗതികള്‍ മലക്കുകളോടും ജിന്നുകളോടും ചോദിക്കുന്നതിന്‌ വിരോധമില്ലെന്നും ഇവര്‍ എഴുതുന്നു.

ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:



 1). ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി മനുഷ്യനിയന്ത്രണം വിടുന്ന അപകടങ്ങളില്‍ പെടുക. മനുഷ്യകഴിവിന്‌ അതീതമായ ഇത്തരം സന്ദര്‍ഭങ്ങളിലായിരുന്നു അല്ലാഹുവിനോടു മാത്രം സഹായം തേടാന്‍ പാടുള്ള രംഗമായി നാം വിവരിച്ചിരുന്നത്‌. നമ്മുടെ മദ്‌റസ പാഠപുസ്‌തകങ്ങളില്‍ വരെ ഇതു ഉദാഹരണമായി എടുത്തുകാണിച്ചതു കാണാം. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ മലക്കുകളോടും ജിന്നുകളോടും സഹായംതേടിയാല്‍ അത്‌ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല എന്നാണ്‌. ഇതിന്‌ രേഖയായി അവര്‍ ഉദ്ധരിക്കുന്നത്‌ ഹാജറബീവി മലക്കിനോട്‌ ദാഹജലത്തിനു വേണ്ടി മരുഭൂമിയില്‍ വെച്ച്‌ സഹായംതേടിയ സംഭവമാണ്‌. അപ്പോള്‍ മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ മനുഷ്യര്‍ അകപ്പെടുമ്പോള്‍ മലക്കിനെ വിളിച്ച്‌ സഹായംതേടല്‍ അനുവദനീയവും അനിവാര്യവുമായി. നിങ്ങള്‍ മരുഭൂമിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്റെ ദാസന്മാരെ നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ എന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമെന്നുമാണ്‌ മറ്റൊരു തെളിവായി ഇവര്‍ പറയുന്നത്‌. അപ്പോള്‍ മലക്കിനെയും ജിന്നുകളെയും വിളിച്ചുതേടല്‍ അനുവദനീയമോ സുന്നത്തോ നിര്‍ബന്ധമോ ആയി. ഹറാംചെയ്യാനും വിഡ്‌ഢിത്തം ചെയ്യാനും നബി(സ) നിര്‍ദേശിക്കുകയില്ലല്ലോ.

2). ഒരാള്‍ ഒഴുക്കില്‍ പെട്ട സന്ദര്‍ഭത്തില്‍ അദൃശ്യമായ നിലക്കു അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ തേടാന്‍ പാടുള്ളൂ. നമ്മുടെ പുസ്‌തകങ്ങളില്‍ ഇത്‌ ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു. നവയാഥാസ്ഥിതികര്‍ പറയുന്നത്‌ മലക്കുകളെയും ജിന്നുകളെയും ഈ അവസരങ്ങളിലും വിളിച്ച്‌ സഹായം തേടാം എന്നാണ്‌. സഹായംതേടിയാല്‍ അത്‌ കാര്യകാരണബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല. കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ വരുന്നതും ദൃശ്യവും ഭൗതികവുമായ മാര്‍ഗമാണെന്നുമാണ്‌ ഇവര്‍ പറയുന്നത്‌. അപ്പോള്‍ ഈ സന്ദര്‍ഭങ്ങളില്‍ മലക്കിനെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച്‌ സഹായംതേടല്‍ അനിവാര്യമായി. ഒരാള്‍ക്കു സന്താനം ലഭിക്കാന്‍ വിവാഹംചെയ്‌തു ദാമ്പത്യബന്ധം സ്ഥാപിക്കല്‍ നിര്‍ബന്ധമായതു പോലെ. കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനമായ കാര്യങ്ങളില്‍ കാര്യകാരണബന്ധം പ്രവര്‍ത്തിച്ചുകൊണ്ടായിരിക്കണം നാം അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കേണ്ടത്‌.

 3). വരള്‍ച്ചയും ക്ഷാമവും ബാധിക്കുന്ന രംഗങ്ങളില്‍ അല്ലാഹുവിനോട്‌ മാത്രമേ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ. മനുഷ്യകഴിവില്‍ പെട്ട സംഗതികള്‍ നീക്കാന്‍ വേണ്ടി നമുക്ക്‌ ഗവണ്‍മെന്റിനോട്‌ സഹായം ആവശ്യപ്പെടാം. എന്നാല്‍ ജിന്നുകളോടും മലക്കുകളോടും സഹായം തേടാന്‍ പാടില്ല. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടല്‍ കാര്യകാരണബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല എന്നാണ്‌. അപ്പോള്‍ വരള്‍ച്ചയും ക്ഷാമവും കൃഷിനാഷവും മറ്റും സംഭവിക്കുമ്പോള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

 4). ഭൂചലനങ്ങളും ഭൂമികുലുക്കവും നിയന്ത്രിക്കാന്‍ മനുഷ്യ കഴിവില്‍ പെട്ട സംഗതികള്‍ മനുഷ്യനോടു ചോദിക്കാം. എന്നാല്‍ മനുഷ്യ കഴിവിന്‌ അതീതമായ കാര്യത്തില്‍ അല്ലാഹുവിനോടു മാത്രമേ സഹായംചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും സഹായംചോദിക്കല്‍ പ്രാര്‍ഥനയും ശിര്‍ക്കും കുഫ്‌റുമാണ്‌. എന്നാല്‍ ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമല്ലെന്നും കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും നവയാഥാസ്ഥിതികര്‍ പറയുന്നു. അദൃശ്യവും അഭൗതികവുമായ മാര്‍ഗമല്ലെന്നും പ്രഖ്യാപിക്കുന്നു. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കല്ലെന്ന്‌ ജല്‌പിക്കുന്നു. അപ്പോള്‍ ഇത്തരം രംഗങ്ങളിലും മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടല്‍ അനുവദനീയവും അനിവാര്യവുമായി.

 5). ശാരീരികമായ രോഗങ്ങളും ന്യൂനതകളും ഉള്ള ദമ്പതിമാര്‍ സന്താനലബ്‌ധിക്കു വേണ്ടി മനുഷ്യകഴിവില്‍ പെട്ട സഹായത്തിനുവേണ്ടി ഒരു ഡോക്‌ടറെ സമീപിക്കുന്നത്‌ അനുവദനീയമാണ്‌. എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്ത തടസ്സങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ. ജിന്നുകളോടും മലക്കുകളോടും പിശാചുക്കളോടും സഹായംചോദിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. കാരണം ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അഭൗതികവും അദൃശ്യവും മറഞ്ഞ വഴിയുമാണ്‌. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ സഹായ തേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അദൃശ്യവും അഭൗതികവുമല്ല എന്നാണ്‌. ജിന്നുകളെയും മലക്കുകളെയും കാര്യകാരണ ബന്ധത്തിന്റെയും അദൃശ്യത്തിന്റെയും അഭൗതികത്തിന്റെയും പ്രശ്‌നം തീരുമാനിക്കുമ്പോള്‍ പരിഗണിക്കണം. അവരെ ഒഴിവാക്കിക്കൊണ്ടായിരിക്കണം കാര്യകാരണ ബന്ധത്തിന്‌ അതീതം, അദൃശ്യം, അഭൗതികം എന്നെല്ലാം പറയേണ്ടത്‌. അതിനാല്‍ സന്താനലബ്‌ധിക്കു വേണ്ടി-ശാരീരികദുര്‍ബലതകള്‍ ഉള്ളവര്‍-ഡോക്‌ടറെ സമീപിക്കുന്നതുപോലെ തന്നെ മലക്കുകളോടും ജിന്നുകളോടും സഹായം ചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

 6). രോഗം ബാധിച്ചവര്‍ ഡോക്‌ടറെ സമീപിച്ച്‌ രോഗശമനത്തിനുവേണ്ടി സഹായം ആവശ്യപ്പെടല്‍ അനുവദനീയമാണ്‌. മനുഷ്യകഴിവിന്‌ അതീതമായ നിലക്ക്‌ രോഗശമനത്തിനു വേണ്ടി അല്ലാഹുവിനോടു മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും രോഗശമനം ആവശ്യപ്പെട്ടാല്‍ ശിര്‍ക്കും പ്രാര്‍ഥനയുമാണത്‌. ഇതു കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗമാണ്‌. അല്ലെന്ന്‌ നവയാഥാസ്ഥിതികര്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ രോഗശമനത്തിനു വേണ്ടി ഡോക്‌ടറെ സമീപിക്കുന്നതു പോലെ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

 7). മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളില്‍ മക്കാ മുശ്‌രിക്കുകള്‍ വരെ അല്ലാഹുവിനോട്‌ മാത്രമാണ്‌ സഹായംതേടിയിരുന്നത്‌. മറ്റുള്ളവരോടു സഹായംതേടല്‍ ഏകദൈവ വിശ്വാസത്തിന്‌ എതിരാണെന്ന്‌ അവര്‍ പോലും ഗ്രഹിച്ചിരുന്നു. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷ ലഭിക്കാന്‍ ഏകദൈവ വിശ്വാസത്തെ അവര്‍ നിഷ്‌കളങ്കമാക്കും. അങ്ങനെ മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം ചോദിക്കാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം ചോദിക്കും. മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ സഹായം തേടുവാന്‍ പാടുള്ളൂവെന്ന്‌ മക്കയിലെ വിഗ്രഹാരാധകന്‍മാര്‍ അംഗീകരിച്ചിരുന്നു. മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടല്‍ ശിര്‍ക്കാണെന്നും സമ്മതിച്ചിരുന്നു. നവയാഥാസ്ഥിതികര്‍ ഇത്‌ സമ്മതിക്കുന്നില്ല. സമ്മതിക്കുമെങ്കില്‍ ഇത്‌ ശിര്‍ക്കാണെന്ന്‌ അവര്‍ എഴുതുമോ?

By  എ അബ്‌ദുസ്സലാം സുല്ലമി