സകല വിധ പിശാചുക്കളില്‍ നിന്നും അല്ലാഹു സംരക്ഷണം നല്‍കിയ നബി(സ)ക്ക് (പിശാച്) മാരണം ബാധിച്ചെന്ന് ജല്‍പ്പിച്ച് നടക്കുന്ന ഒരു കൂട്ടര്‍ തന്നെ മുഹമ്മദ് നബി(സ) മാനവരില്‍ മഹോന്നതന്‍ എന്ന് മാലോകരോട് പറയാന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു എന്നത് ആധുനിക കാലത്തെ വലിയ തമാശകളിലൊന്നാവും. സിഹ്‌റ് ബാധയെ സത്യപ്പെടുത്തുന്ന ജിന്ന്ഇന്‍സ് വിഭാഗങ്ങള്‍ തര്‍ക്കമില്ലാതെ യോജിക്കുന്ന ഒരു കാര്യമാണ് സിഹ്‌റിന്റെ ഉപദ്രവത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണെന്നത്.
യഥാര്‍ത്ഥ സത്യവിശ്വാസികള്‍ക്ക് അത്തരം ദ്രോഹം ഉണ്ടാക്കുന്നത് പോയിട്ട് അവരെ വഴിപിഴപ്പിക്കാന്‍ പോലും പിശാചിനാവില്ലെന്നാണ് വിശുദ്ധ ഖുര്‍ആന്‍ നിരവധി വചനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ആ സത്യവിശ്വാസികളില്‍ അത്യുന്നതനും സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടനുമായ പ്രവാചകന് പിശാചിന്റെ ദ്രോഹമായ സിഹ്‌റ് ബാധിക്കുകയില്ല എന്ന വസ്തുത വിശുദ്ധ പ്രമാണങ്ങളില്‍ സംശയത്തിനിടയില്ലാത്തവിധം വ്യക്തമാണ്.
“തീര്‍ച്ചയായും എന്റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല” (സൂറ: ഹിജ്‌റ് :42)
“അവരെ മുഴുവന്‍ ഞാന്‍(പിശാച്) വഴിപിഴപ്പിക്കുക തന്നെ ചെയ്യും. അവരില്‍ നിഷ്‌കളങ്കരായ നിന്റെ ദാസന്‍മാരെയൊഴികെ”(സൂറ: സ്വാദ്: 82,83)
സത്യവിശ്വാസികളെ വഴി തെറ്റിക്കുവാനും ദ്രോഹിക്കുവാനും പിശാചിന് സാധ്യമല്ലെന്ന് മേല്‍വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല, നബി(സ)ക്ക് പ്രത്യേകിച്ച് ഒരിക്കലും പിശാച് ബാധയേല്‍ക്കില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. അതിപ്രകാരം: “ നബിയേ, പറയുക; ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ ഇറങ്ങുന്നു”(സൂറ: ശുഅറാഅ് 221, 222). ഇവിടെ പിശാച് ഇറങ്ങുക എന്നത് കൊണ്ടുള്ള വിവക്ഷ, വഴിതെറ്റിക്കുക എന്നതാണ്.
ഈ വിഷയത്തില്‍ വന്ന ഒരു നബിവചനം നോക്കുക: “നിങ്ങളില്‍ ഒരാളും തന്നെ പിശാചില്‍ പെട്ട ഒരു കൂട്ടുകാരനെ(വഴിപിഴപ്പിക്കാന്‍) ഏല്‍പ്പിക്കപ്പെടാത്തവനായി ആരും തന്നെയില്ല. സ്വഹാബികള്‍ ചോദിച്ചു; അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്കുമുണ്ടോ അപ്രകാരമൊരു കൂട്ടുകാരന്‍? നബി(സ) അരുളി: അതെ, പക്ഷെ അല്ലാഹു അവന്റെ ശറ്റില്‍ നിന്നും എന്നെ സഹായിച്ചിരിക്കുന്നു. അവന്‍ നന്മയല്ലാതെ എന്നോട് കല്‍പ്പിക്കുന്നതുമല്ല. (അഹ്മദ്, മുസ്ലിം, ഇബ്‌നുകസീര്‍ 4/515)
മേല്‍ കൊടുത്ത വചനങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്; നബി(സ)ക്ക് ഒരിക്കലും പിശാചിന്റെ ദുര്‍ബോധനമോ ദ്രോഹമോ ഏല്‍ക്കുന്നതല്ല. മാത്രവുമല്ല, നബി(സ)ക്ക് പിശാചിന്റെ എല്ലാവിധ ശര്‍റുകളില്‍ നിന്നും അല്ലാഹു സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: “അല്ലാഹുവിന്റെ ദൂതരേ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കള്‍ ജനങ്ങള്‍ക് എത്തിച്ച് കൊടുക്കുക. അങ്ങിനെ ചെയ്യാത്തപക്ഷം താങ്കള്‍ താങ്കളുടെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്”(സൂറ: മാഇദ: 67). ഇബ്‌നുകസീര്‍ ഉദ്ധരിക്കുന്ന മറ്റൊരു സം‘വം ഇപ്രകാരമാണ്: “യഅ്ഖൂബ് ബ്‌നു ഗയ്‌ലാന്‍ (റ) അബൂ ഖുറൈബില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ) ഇപ്രകാരം അരുളുകയുണ്ടായി; തീര്‍ച്ചയായും അല്ലാഹു മനുഷ്യപ്പിശാചുക്കളില്‍ നിന്നും ജിന്ന് പിശാചുക്കളില്‍ നിന്നും എനിക്ക് സംരക്ഷണം നല്‍കിയിരിക്കുന്നു” (ത്വബ്‌റാനി, ഇബ്‌നുകസീര്‍:2/79). മാത്രവുമല്ല, നബി(സ)ക്ക് പിശാചിന്റെ ദുര്‍ബോധനമോ ദ്രോഹമോ ഏല്‍ക്കുകയില്ലെന്ന് ഇജ്മാഅ് ഉണ്ട്. ഇമാം നവവിയുടെ പ്രസ്താവന ശ്രദ്ധിക്കുക: “നബി(സ)യുടെ നാക്കിനും മനസ്സിനും ശരീരത്തിനും പിശാചില്‍ നിന്ന് സംരക്ഷണമുണ്ടെന്ന് മുസ്ലിം സമുദായം ഏകോപിച്ചിരിക്കുന്നു എന്ന് ക്വാളി ഇയാള് പ്രസ്താവിച്ചിരിക്കുന്നു”(ശറഹ് മുസ്ലിം 9/173).
നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന പ്രചാരണം നടത്തിയത് മുശ്രിക്കുകളായിരുന്നു. സൂറ: ഫുര്‍ഖാന്‍ 8,9 വചനങ്ങളിലും സൂറ: ഇസ്‌റാഅ് 47,48 വചനങ്ങളിലും അക്കാര്യം അരുളിയിട്ടുണ്ട്. “..അക്രമികള്‍ പറയുകയാണ്; മാരണം ബാധിച്ച ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല എന്ന്. നബിയേ, (നോക്കുക) അവര്‍ നിന്നെ കുറിച്ച് ഉപകള്‍ വിവരിച്ചതെങ്ങിനെയാണെന്ന്. അങ്ങിനെ അവര്‍ വഴിപിഴച്ച് പോയി. ആകയാല്‍ അവര്‍ക്ക് ഒരു മാര്‍ക്ഷവും കണ്ടെത്താന്‍ സാധിക്കുകയില്ല.”(സൂറ: ഫുര്‍ഖാന്‍ 8,9).
ഈ ആയത്തിനെ അമാനി മൌലവി വ്യാഖ്യാനിക്കുന്നത് ഇപ്രകാരം:
മുഹമ്മദിന് ഒരു സഹായകനും സാക്ഷിയും എന്ന നിലക്ക് എന്തുകൊണ്ട് ഒരു മലക്കിനെ തന്റെ ഒപ്പം ഇറക്കിക്കൊടുക്കപ്പെടുന്നില്ല?അല്ലെങ്കില്‍ അവനു സുഖമായി കഴിഞ്ഞ് കൂടത്തക്ക വിധം ഒരു തോട്ടം ഉണ്ടാവരുതോ?അതുമല്ലെങ്കില്‍ അവനു അങ്ങാടിയിലും മറ്റും പോയി വിഷമിക്കാതെ ജീവിക്കുമാറ് വല്ല നിക്ഷേപവും നല്‍കപ്പെടരുതോ?!എന്നിങ്ങിനെ ബാലിശമായ മറ്റു ചോദ്യങ്ങളാകട്ടെ, അവരുടെ ചിന്താശൂന്യതയും കുബുദ്ധിയും മാത്രമാണ് പ്രകടമാക്കുന്നത്. ഈ പ്രലോഭനങ്ങളുടെ അടിസ്ഥാനത്തില്‍ ഒടുക്കം അവര്‍ സ്വയം തന്നെ വിധി കല്‍പ്പിക്കുകയാണ്.”മുഹമ്മദിന് എന്തോ ആഭിചാര ബാധയേറ്റ് മാരണം ബാധിച്ച് ബുദ്ധി ഭ്രമിച്ച് പോയിരിക്കുന്നു.അത് നിമിത്തം അവന്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അല്ലാതെ അവന്‍ ദൈവദൂതനൊന്നുമല്ല. എന്നൊക്കെ. ഇത്യാദി വിഡ്ഡിത്തവും നിരര്‍ത്ഥകങ്ങളായ വാദങ്ങളും കേട്ട് വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി(സ)യെ സമാശ്വസിപ്പിക്കുകയാണ് 9ാം വചനം ചെയ്യുന്നത്.
സൂറ: ഇസ്‌റാഇലെ 47ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി നബി(സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്ന് പ്രചരിപ്പിച്ചിരുന്നവര്‍ ആരൊക്കെയായിരുന്നുവെന്ന് രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: “അബൂജഹല്‍, വലീദുബ്‌നുല്‍ മുഗീറ എന്നിവരും അതുപോലുള്ളവരുമായിരുന്നു”(അല്‍ ജാമിഉലിഅഹ്ഖാമില്‍ ഖുര്‍ആന്‍, ഇസ്രാഅ് 47). ഇബ്‌നു കസീര്‍ അതേ വചനം വ്യാഖ്യാനിച്ച് കൊണ്ട് രേഖപ്പെടുത്തി; “ഖുറൈശീ കാഫിറുകളുടെ നേതാക്കളായിരുന്നു അപ്രകാരം പ്രചാരണം നടത്തിയിരുന്നത്”(ഇബ്‌നു കസീര്‍ , ഇസ്രാഅ് 47). ചിന്തിക്കുക സഹോദരങ്ങളേ, കാഫിറുകള്‍ മുന്‍പ് ഏറ്റെടുത്ത ദൌത്യം ഇപ്പോള്‍ നാം ഏറ്റു പിടിക്കുന്നത് ഉചിതമാണോ?
നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന റിപ്പോര്‍ട്ടിനെ ഇമാം നവവി(റ) വിലയിരുത്തുന്നത് കാണുക. “ശിഹാബ്(റ) പ്രസ്താവിച്ചു; അത് അല്ലാഹു നിഷേധിച്ചതാണ്. വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പനക്ക് വിരുദ്ധവുമാണ്”. ഇമാം റാസി(റ) ക്വാളി ഇയാളില്‍ നിന്നും ഉദ്ധരിക്കുന്നു: “നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്നത് അടിസ്ഥാന രഹിതമാണ്. അല്ലാഹു താങ്കളെ (പിശാചുക്കളില്‍ നിന്ന്) സംരക്ഷിക്കും എന്നും മാരണക്കാരന്‍ എവിടെ ചെന്നാലും വിജയിക്കുകയില്ല എന്നും അല്ലാഹു അരുളിയതിനാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ എങ്ങിനെ അംഗീകരിക്കാന്‍ സാധിക്കും” (മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്; 19/243)
ഇമാം ഗസ്സാലി നബി(സ)ക്ക് സിഹ്‌റ് ബാധിച്ചെന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇപ്രകാരം രേഖപ്പെടുത്തി. അതും അദ്ദേഹത്തിന്റെ ‘മുസ്തസ്വഫ’ എന്ന ഗ്രന്ഥത്തെ ആധാരമാക്കി ഇമാം നവവി രേഖപ്പെടുത്തി: “അത് (നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചെന്നത്) ഖബറുല്‍ ആഹാദില്‍ പെട്ടതാണ്. ഖബറുല്‍ ആഹാദ് തളളിക്കളയാത്തവരായി സ്വഹാബികളില്‍ ആരും തന്നെയില്ല”(മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്; 19/244)
ഹനഫി മദ്ഹബിലെ പ്രമുഖ പണ്ഡിതനായ അബൂബക്കറുല്‍ ജസ്സ്വാസ്(റ) രേഖപ്പെടുത്തി: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നത് പോലുള്ള റിപ്പോര്‍ട്ടുകള്‍ ചില നിരീശ്വര നിര്‍മ്മതവാദികള്‍ പ്രവാചകന്മാരുടെ മുഅ്ജിസാത്തുകളെ നിഷ്ഫലമാക്കാന്‍ വേണ്ടി നിര്‍മ്മിച്ചുണ്ടാക്കിയതാണ്. സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുന്നതല്ല എന്ന് പറഞ്ഞിട്ട്‌പോലും”.(അഹ്കാമുല്‍ ഖുര്‍ആന്‍; 1/490).
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അഹ്മദ് മുസ്ത്വഫല്‍ മറാഗി രേഖപ്പെടുത്തുന്നത് ഇപ്രകാരം: “നബി(സ)ക്ക് സിഹ്‌റ് ബാധിക്കുകയെന്നത് അസംഭവ്യമാണ്. കാരണം, തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തിന് സിഹ്‌റില്‍ നിന്ന് സംരക്ഷണം നല്‍കിയിരിക്കുന്നു.”(തഫ്‌സീറുല്‍ മറാഗി; 10/407).
ഇനി സിഹ്‌റ് ഫലിക്കും എന്ന വിശ്വാസം യഹൂദി, നസ്വാറാക്കളുടെ വിശ്വാസമാണെന്ന് സൂറ: നിസാഅ് 51ാം വചനത്തില്‍ അല്ലാഹു അരുളി:” അവര്‍ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നവരാണ്”(സൂറ: നിസാഅ് 51). ഇതില്‍ ജിബ്ത് എന്ന് പറഞ്ഞാല്‍ സിഹ്‌റാണ്.
ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തി: “ഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ), അബ്ദുല്‍ ആലിയ(റ), മുജാഹിദ്(റ), അത്വാഅ്(റ), ഇക്ള്‍രിമ(റ), സഇദ് ബ്‌നുല്‍ ജുബൈര്‍(റ), ശഅബി(റ), ഹസന്‍(റ), ഇസ്ഹാഖ്(റ), സുദ്ദി(റ) എന്നിവരെല്ലാം ജിബ്ത് എന്നതിനു സിഹ്ര്‍ എന്നാണ് വ്യാഖ്യാനം നല്‍കിയിട്ടുളളത്”.(ഇബ്‌നുകസീര്‍; 1/626).
സിഹ്ര്‍ ഫലം ചെയ്യും എന്ന് വിശ്വസിക്കുന്നവര്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല എന്ന് നബി(സ)യും അരുളുകയുണ്ടായി. “മൂന്ന്‌വിഭാഗം ആളുകള്‍ സ്വര്‍ഗത്തി ല്‍ കടക്കുന്നതല്ല. മുഴുകുടിയന്‍, കുടുംബബന്ധം മുറിക്കുന്നവന്‍, സിഹ്‌റിനെ സത്യപ്പെടുത്തുന്നവന്‍ എന്നിവരാണവര്‍.(അഹ്മദ്, അബൂമൂസ(റ)വില്‍ നിന്ന്).
ചുരുക്കത്തില്‍ മാനവരില്‍ മഹോന്നതന്‍ എന്ന വിശേഷണം കാമ്പയിന്‍ വിഷയമാക്കുന്നവര്‍ ആ വിശേഷണത്തിന് പൂര്‍ണ്ണമായും അര്‍ഹനായിരുന്നു നബി(സ) എന്ന് അംഗീകരിക്കാന്‍ ആദ്യം തയ്യാറാവണം. ഒരു ജൂതന്റെ ക്ഷുദ്രപ്രവര്‍ത്തനങ്ങളുടെ ഫലമായി പൈശാചിക ഉപദ്രവത്തിനു ഇരയായി മാസങ്ങളോളം ബുദ്ധിനിലക്ക് തകരാറ് സം‘വിച്ചവനായിരുന്നു നബി(സ) എന്ന് പ്രചരിപ്പിക്കുന്നവര്‍ സത്യത്തില്‍ നബി(സ)യെ മാനവരില്‍ മഹോന്നതന്‍ എന്ന പദവിയില്‍ നിന്ന് ഇടിച്ച് താഴ്ത്തുകയാണ് ചെയ്യുന്നത്.
-------------പി കെ മൊയ്തീൻ സുല്ലമി
No comments:
Post a Comment