Showing posts with label സുല്ലമി. Show all posts
Showing posts with label സുല്ലമി. Show all posts

Thursday, 21 March 2019

മാനവരിൽ മഹോന്നതനു മാരണം ബാധിക്കുമോ?................


സകല വിധ പിശാചുക്കളില്‍ നിന്നും അല്ലാഹു സംരക്ഷണം നല്‍കിയ നബി(സ)ക്ക് (പിശാച്) മാരണം ബാധിച്ചെന്ന് ജല്‍പ്പിച്ച് നടക്കുന്ന ഒരു കൂട്ടര്‍ തന്നെ മുഹമ്മദ് നബി(സ) മാനവരില്‍ മഹോന്നതന്‍ എന്ന് മാലോകരോട് പറയാന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു എന്നത് ആധുനിക കാലത്തെ വലിയ തമാശകളിലൊന്നാവും. സിഹ്‌റ് ബാധയെ സത്യപ്പെടുത്തുന്ന ജിന്ന്ഇന്‍സ് വിഭാഗങ്ങള്‍ തര്‍ക്കമില്ലാതെ യോജിക്കുന്ന ഒരു കാര്യമാണ് സിഹ്‌റിന്റെ ഉപദ്രവത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണെന്നത്. 
യഥാര്‍ത്ഥ സത്യവിശ്വാസികള്‍ക്ക് അത്തരം ദ്രോഹം ഉണ്ടാക്കുന്നത് പോയിട്ട് അവരെ വഴിപിഴപ്പിക്കാന്‍ പോലും പിശാചിനാവില്ലെന്നാണ് വിശുദ്ധ ഖുര്‍ആന്‍ നിരവധി വചനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ആ സത്യവിശ്വാസികളില്‍ അത്യുന്നതനും സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടനുമായ പ്രവാചകന് പിശാചിന്റെ ദ്രോഹമായ സിഹ്‌റ് ബാധിക്കുകയില്ല എന്ന വസ്തുത വിശുദ്ധ പ്രമാണങ്ങളില്‍ സംശയത്തിനിടയില്ലാത്തവിധം വ്യക്തമാണ്. 
“തീര്‍ച്ചയായും എന്റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല” (സൂറ: ഹിജ്‌റ് :42)
“അവരെ മുഴുവന്‍ ഞാന്‍(പിശാച്) വഴിപിഴപ്പിക്കുക തന്നെ ചെയ്യും. അവരില്‍ നിഷ്‌കളങ്കരായ നിന്റെ ദാസന്‍മാരെയൊഴികെ”(സൂറ: സ്വാദ്: 82,83)
സത്യവിശ്വാസികളെ വഴി തെറ്റിക്കുവാനും ദ്രോഹിക്കുവാനും പിശാചിന് സാധ്യമല്ലെന്ന് മേല്‍വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല, നബി(സ)ക്ക് പ്രത്യേകിച്ച് ഒരിക്കലും പിശാച് ബാധയേല്‍ക്കില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. അതിപ്രകാരം: “ നബിയേ, പറയുക; ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ ഇറങ്ങുന്നു”(സൂറ: ശുഅറാഅ് 221, 222). ഇവിടെ പിശാച് ഇറങ്ങുക എന്നത് കൊണ്ടുള്ള വിവക്ഷ, വഴിതെറ്റിക്കുക എന്നതാണ്. 
ഈ വിഷയത്തില്‍ വന്ന ഒരു നബിവചനം നോക്കുക: “നിങ്ങളില്‍ ഒരാളും തന്നെ പിശാചില്‍ പെട്ട ഒരു കൂട്ടുകാരനെ(വഴിപിഴപ്പിക്കാന്‍) ഏല്‍പ്പിക്കപ്പെടാത്തവനായി ആരും തന്നെയില്ല. സ്വഹാബികള്‍ ചോദിച്ചു; അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്കുമുണ്ടോ അപ്രകാരമൊരു കൂട്ടുകാരന്‍? നബി(സ) അരുളി: അതെ, പക്ഷെ അല്ലാഹു അവന്റെ ശറ്റില്‍ നിന്നും എന്നെ സഹായിച്ചിരിക്കുന്നു. അവന്‍ നന്മയല്ലാതെ എന്നോട് കല്‍പ്പിക്കുന്നതുമല്ല. (അഹ്മദ്, മുസ്ലിം, ഇബ്‌നുകസീര്‍ 4/515)
മേല്‍ കൊടുത്ത വചനങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്; നബി(സ)ക്ക് ഒരിക്കലും പിശാചിന്റെ ദുര്‍ബോധനമോ ദ്രോഹമോ ഏല്‍ക്കുന്നതല്ല. മാത്രവുമല്ല, നബി(സ)ക്ക് പിശാചിന്റെ എല്ലാവിധ ശര്‍റുകളില്‍ നിന്നും അല്ലാഹു സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: “അല്ലാഹുവിന്റെ ദൂതരേ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് താങ്കള്‍ക്ക് അവതരിപ്പിക്കപ്പെട്ടത് താങ്കള്‍ ജനങ്ങള്‍ക് എത്തിച്ച് കൊടുക്കുക. അങ്ങിനെ ചെയ്യാത്തപക്ഷം താങ്കള്‍ താങ്കളുടെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ രക്ഷിക്കുന്നതാണ്”(സൂറ: മാഇദ: 67). ഇബ്‌നുകസീര്‍ ഉദ്ധരിക്കുന്ന മറ്റൊരു സം‘വം ഇപ്രകാരമാണ്: “യഅ്ഖൂബ് ബ്‌നു ഗയ്‌ലാന്‍ (റ) അബൂ ഖുറൈബില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ) ഇപ്രകാരം അരുളുകയുണ്ടായി; തീര്‍ച്ചയായും അല്ലാഹു മനുഷ്യപ്പിശാചുക്കളില്‍ നിന്നും ജിന്ന് പിശാചുക്കളില്‍ നിന്നും എനിക്ക് സംരക്ഷണം നല്‍കിയിരിക്കുന്നു” (ത്വബ്‌റാനി, ഇബ്‌നുകസീര്‍:2/79). മാത്രവുമല്ല, നബി(സ)ക്ക് പിശാചിന്റെ ദുര്‍ബോധനമോ ദ്രോഹമോ ഏല്‍ക്കുകയില്ലെന്ന് ഇജ്മാഅ് ഉണ്ട്. ഇമാം നവവിയുടെ പ്രസ്താവന ശ്രദ്ധിക്കുക: “നബി(സ)യുടെ നാക്കിനും മനസ്സിനും ശരീരത്തിനും പിശാചില്‍ നിന്ന് സംരക്ഷണമുണ്ടെന്ന് മുസ്ലിം സമുദായം ഏകോപിച്ചിരിക്കുന്നു എന്ന് ക്വാളി ഇയാള് പ്രസ്താവിച്ചിരിക്കുന്നു”(ശറഹ് മുസ്ലിം 9/173).
നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന പ്രചാരണം നടത്തിയത് മുശ്രിക്കുകളായിരുന്നു. സൂറ: ഫുര്‍ഖാന്‍ 8,9 വചനങ്ങളിലും സൂറ: ഇസ്‌റാഅ് 47,48 വചനങ്ങളിലും അക്കാര്യം അരുളിയിട്ടുണ്ട്. “..അക്രമികള്‍ പറയുകയാണ്; മാരണം ബാധിച്ച ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല എന്ന്. നബിയേ, (നോക്കുക) അവര്‍ നിന്നെ കുറിച്ച് ഉപകള്‍ വിവരിച്ചതെങ്ങിനെയാണെന്ന്. അങ്ങിനെ അവര്‍ വഴിപിഴച്ച് പോയി. ആകയാല്‍ അവര്‍ക്ക് ഒരു മാര്‍ക്ഷവും കണ്ടെത്താന്‍ സാധിക്കുകയില്ല.”(സൂറ: ഫുര്‍ഖാന്‍ 8,9). 
ഈ ആയത്തിനെ അമാനി മൌലവി വ്യാഖ്യാനിക്കുന്നത് ഇപ്രകാരം:
മുഹമ്മദിന് ഒരു സഹായകനും സാക്ഷിയും എന്ന നിലക്ക് എന്തുകൊണ്ട് ഒരു മലക്കിനെ തന്റെ ഒപ്പം ഇറക്കിക്കൊടുക്കപ്പെടുന്നില്ല?അല്ലെങ്കില്‍ അവനു സുഖമായി കഴിഞ്ഞ് കൂടത്തക്ക വിധം ഒരു തോട്ടം ഉണ്ടാവരുതോ?അതുമല്ലെങ്കില്‍ അവനു അങ്ങാടിയിലും മറ്റും പോയി വിഷമിക്കാതെ ജീവിക്കുമാറ് വല്ല നിക്ഷേപവും നല്‍കപ്പെടരുതോ?!എന്നിങ്ങിനെ ബാലിശമായ മറ്റു ചോദ്യങ്ങളാകട്ടെ, അവരുടെ ചിന്താശൂന്യതയും കുബുദ്ധിയും മാത്രമാണ് പ്രകടമാക്കുന്നത്. ഈ പ്രലോഭനങ്ങളുടെ അടിസ്ഥാനത്തില്‍ ഒടുക്കം അവര്‍ സ്വയം തന്നെ വിധി കല്‍പ്പിക്കുകയാണ്.”മുഹമ്മദിന് എന്തോ ആഭിചാര ബാധയേറ്റ് മാരണം ബാധിച്ച് ബുദ്ധി ഭ്രമിച്ച് പോയിരിക്കുന്നു.അത് നിമിത്തം അവന്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അല്ലാതെ അവന്‍ ദൈവദൂതനൊന്നുമല്ല. എന്നൊക്കെ. ഇത്യാദി വിഡ്ഡിത്തവും നിരര്‍ത്ഥകങ്ങളായ വാദങ്ങളും കേട്ട് വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി(സ)യെ സമാശ്വസിപ്പിക്കുകയാണ് 9ാം വചനം ചെയ്യുന്നത്.
സൂറ: ഇസ്‌റാഇലെ 47ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി നബി(സ)ക്ക് സിഹ്‌റ് ബാധിച്ചുവെന്ന് പ്രചരിപ്പിച്ചിരുന്നവര്‍ ആരൊക്കെയായിരുന്നുവെന്ന് രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: “അബൂജഹല്‍, വലീദുബ്‌നുല്‍ മുഗീറ എന്നിവരും അതുപോലുള്ളവരുമായിരുന്നു”(അല്‍ ജാമിഉലിഅഹ്ഖാമില്‍ ഖുര്‍ആന്‍, ഇസ്രാഅ് 47). ഇബ്‌നു കസീര്‍ അതേ വചനം വ്യാഖ്യാനിച്ച് കൊണ്ട് രേഖപ്പെടുത്തി; “ഖുറൈശീ കാഫിറുകളുടെ നേതാക്കളായിരുന്നു അപ്രകാരം പ്രചാരണം നടത്തിയിരുന്നത്”(ഇബ്‌നു കസീര്‍ , ഇസ്രാഅ് 47). ചിന്തിക്കുക സഹോദരങ്ങളേ, കാഫിറുകള്‍ മുന്‍പ് ഏറ്റെടുത്ത ദൌത്യം ഇപ്പോള്‍ നാം ഏറ്റു പിടിക്കുന്നത് ഉചിതമാണോ?
നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന റിപ്പോര്‍ട്ടിനെ ഇമാം നവവി(റ) വിലയിരുത്തുന്നത് കാണുക. “ശിഹാബ്(റ) പ്രസ്താവിച്ചു; അത് അല്ലാഹു നിഷേധിച്ചതാണ്. വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പനക്ക് വിരുദ്ധവുമാണ്”. ഇമാം റാസി(റ) ക്വാളി ഇയാളില്‍ നിന്നും ഉദ്ധരിക്കുന്നു: “നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്നത് അടിസ്ഥാന രഹിതമാണ്. അല്ലാഹു താങ്കളെ (പിശാചുക്കളില്‍ നിന്ന്) സംരക്ഷിക്കും എന്നും മാരണക്കാരന്‍ എവിടെ ചെന്നാലും വിജയിക്കുകയില്ല എന്നും അല്ലാഹു അരുളിയതിനാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ എങ്ങിനെ അംഗീകരിക്കാന്‍ സാധിക്കും” (മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്; 19/243)
ഇമാം ഗസ്സാലി നബി(സ)ക്ക് സിഹ്‌റ് ബാധിച്ചെന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇപ്രകാരം രേഖപ്പെടുത്തി. അതും അദ്ദേഹത്തിന്റെ ‘മുസ്തസ്വഫ’ എന്ന ഗ്രന്ഥത്തെ ആധാരമാക്കി ഇമാം നവവി രേഖപ്പെടുത്തി: “അത് (നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചെന്നത്) ഖബറുല്‍ ആഹാദില്‍ പെട്ടതാണ്. ഖബറുല്‍ ആഹാദ് തളളിക്കളയാത്തവരായി സ്വഹാബികളില്‍ ആരും തന്നെയില്ല”(മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്; 19/244)
ഹനഫി മദ്ഹബിലെ പ്രമുഖ പണ്ഡിതനായ അബൂബക്കറുല്‍ ജസ്സ്വാസ്(റ) രേഖപ്പെടുത്തി: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നത് പോലുള്ള റിപ്പോര്‍ട്ടുകള്‍ ചില നിരീശ്വര നിര്‍മ്മതവാദികള്‍ പ്രവാചകന്മാരുടെ മുഅ്ജിസാത്തുകളെ നിഷ്ഫലമാക്കാന്‍ വേണ്ടി നിര്‍മ്മിച്ചുണ്ടാക്കിയതാണ്. സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുന്നതല്ല എന്ന് പറഞ്ഞിട്ട്‌പോലും”.(അഹ്കാമുല്‍ ഖുര്‍ആന്‍; 1/490).
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അഹ്മദ് മുസ്ത്വഫല്‍ മറാഗി രേഖപ്പെടുത്തുന്നത് ഇപ്രകാരം: “നബി(സ)ക്ക് സിഹ്‌റ് ബാധിക്കുകയെന്നത് അസംഭവ്യമാണ്. കാരണം, തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തിന് സിഹ്‌റില്‍ നിന്ന് സംരക്ഷണം നല്‍കിയിരിക്കുന്നു.”(തഫ്‌സീറുല്‍ മറാഗി; 10/407).
ഇനി സിഹ്‌റ് ഫലിക്കും എന്ന വിശ്വാസം യഹൂദി, നസ്വാറാക്കളുടെ വിശ്വാസമാണെന്ന് സൂറ: നിസാഅ് 51ാം വചനത്തില്‍ അല്ലാഹു അരുളി:” അവര്‍ ജിബ്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നവരാണ്”(സൂറ: നിസാഅ് 51). ഇതില്‍ ജിബ്ത് എന്ന് പറഞ്ഞാല്‍ സിഹ്‌റാണ്. 
ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തി: “ഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ), അബ്ദുല്‍ ആലിയ(റ), മുജാഹിദ്(റ), അത്വാഅ്(റ), ഇക്ള്‍രിമ(റ), സഇദ് ബ്‌നുല്‍ ജുബൈര്‍(റ), ശഅബി(റ), ഹസന്‍(റ), ഇസ്ഹാഖ്(റ), സുദ്ദി(റ) എന്നിവരെല്ലാം ജിബ്ത് എന്നതിനു സിഹ്ര്‍ എന്നാണ് വ്യാഖ്യാനം നല്‍കിയിട്ടുളളത്”.(ഇബ്‌നുകസീര്‍; 1/626).
സിഹ്ര്‍ ഫലം ചെയ്യും എന്ന് വിശ്വസിക്കുന്നവര്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല എന്ന് നബി(സ)യും അരുളുകയുണ്ടായി. “മൂന്ന്‌വിഭാഗം ആളുകള്‍ സ്വര്‍ഗത്തി ല്‍ കടക്കുന്നതല്ല. മുഴുകുടിയന്‍, കുടുംബബന്ധം മുറിക്കുന്നവന്‍, സിഹ്‌റിനെ സത്യപ്പെടുത്തുന്നവന്‍ എന്നിവരാണവര്‍.(അഹ്മദ്, അബൂമൂസ(റ)വില്‍ നിന്ന്).
ചുരുക്കത്തില്‍ മാനവരില്‍ മഹോന്നതന്‍ എന്ന വിശേഷണം കാമ്പയിന്‍ വിഷയമാക്കുന്നവര്‍ ആ വിശേഷണത്തിന് പൂര്‍ണ്ണമായും അര്‍ഹനായിരുന്നു നബി(സ) എന്ന് അംഗീകരിക്കാന്‍ ആദ്യം തയ്യാറാവണം. ഒരു ജൂതന്റെ ക്ഷുദ്രപ്രവര്‍ത്തനങ്ങളുടെ ഫലമായി പൈശാചിക ഉപദ്രവത്തിനു ഇരയായി മാസങ്ങളോളം ബുദ്ധിനിലക്ക് തകരാറ് സം‘വിച്ചവനായിരുന്നു നബി(സ) എന്ന് പ്രചരിപ്പിക്കുന്നവര്‍ സത്യത്തില്‍ നബി(സ)യെ മാനവരില്‍ മഹോന്നതന്‍ എന്ന പദവിയില്‍ നിന്ന് ഇടിച്ച് താഴ്ത്തുകയാണ് ചെയ്യുന്നത്.
-------------പി കെ മൊയ്തീൻ സുല്ലമി

Wednesday, 20 March 2019

വിശ്വമാനവികതയുടെ വിശ്വാസദര്‍ശനം | സി പി ഉമർ സുല്ലമി



മനുഷ്യനിര്‍മിതമായ ഒരു ഫാക്റ്ററിയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ബ്രാന്റഡ് ഉത്പന്നങ്ങള്‍ എല്ലാം ഒരേ രീതിയിലായിരിക്കും. എന്നാല്‍ ഈ പ്രപഞ്ചത്തില്‍ അതിന്റെ സ്രഷ്ടാവ് ഉത്പാദിച്ച വസ്തുക്കളൊന്നും ഒരുപോലെയല്ല. ഏറ്റവു ഉത്കൃഷ്ടസൃഷ്ടിയായ മനുഷ്യന്‍ വിശേഷിച്ചും. വലുപ്പം, നിറം, തൂക്കം, കഴിവുകള്‍, പ്രതിഭകള്‍, അഭിരുചികള്‍ തുടങ്ങി ഓരോ കാര്യത്തിലും മനുഷ്യന്‍ പ്രതിജനഭിന്നമാണ്. ഇത് യാദൃഛികതയല്ല. സ്രഷ്ടാവിന്റെ നിശ്ചയമാണ്. ഈ വൈവിധ്യത്തില്‍ ഏറെ വൈരുധ്യങ്ങളും കാണാം. പണിക്കാരന്‍-പണക്കാരന്‍, അടിമ-ഉടമ, ശക്തന്‍-ദുര്‍ബലന്‍, സമര്‍ഥന്‍-പോഴന്‍, രോഗി-അരോഗദൃഢഗാത്രന്‍, സ്ത്രീ-പുരുഷന്‍, പരിഷ്‌കൃതര്‍-അപരിഷ്‌കൃതര്‍, രാജാവ്-പ്രജ എന്നിങ്ങനെ ഭിന്നവിരുദ്ധ ചേരികളിലായിട്ടാണ് മനുഷ്യസമൂഹത്തിന്റെ നിലനില്പ്. ഇതെല്ലാം ചേര്‍ന്ന സാകല്യമാണ് സമൂഹം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ. ചരിത്രത്തിന്റെ ഏതു ദശാസന്ധികള്‍ പരിശോധിച്ചാലും സമൂഹത്തില്‍ കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമാണ്, ശക്തന്‍ ദുര്‍ബലനെ കീഴ്‌പ്പെടുത്തി ജീവുക്കുന്നു എന്നത്. ഈ ഭിന്നദ്വന്ദ്വത്തില്‍ ഒന്ന് പ്രഭാവം കാണിക്കുകയും മറ്റേത് പാര്‍ശ്വത്കരിക്കപ്പെടുകയും ചെയ്യുന്നു. 'മനുഷ്യരെല്ലാം ഒന്നുപോലെയാവുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും വന്നിട്ടില്ല വരികയുമില്ല'.

ഓരോ മനുഷ്യനും തന്റെ കുറവുകളും മികവുകളും നിലനില്‍ക്കെത്തന്നെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. ഏറ്റവും ദുര്‍ബല കണ്ണിയാണ് ചങ്ങലയുടെ യഥാര്‍ഥ ബലം എന്നു പറഞ്ഞതുപോലെ ഒരു വിഭാഗം ഏറെ പിന്നാക്കം നിന്നാല്‍ ആ സമൂഹം വികസിതമായി കണക്കാക്കാവതല്ല. നിറം, ഭാഷ, തറവാട്, തൊഴില്‍ തുടങ്ങിയ പല തലങ്ങളിലും സമൂഹത്തില്‍ ഉച്ചനീചത്വങ്ങള്‍ നിലനില്ക്കുന്നു. ജാതീയത, വര്‍ണവെറി, അടിമത്തം, ഐത്തസങ്കല്‍പം, സാമ്പത്തിക പരാധീനത തുടങ്ങിയവയെല്ലാം മനുഷ്യര്‍ അധമത്വത്തില്‍ നിലനില്‍ക്കാന്‍ കാരണമായ സംഗതികളാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെ നീങ്ങാന്‍ പ്രബല വിഭാഗങ്ങള്‍ ശ്രമിക്കുക എന്നത് സമൂഹത്തിന്റെ എക്കാലത്തെയും അവസ്ഥയാണ്. വര്‍ത്തമാനകാല ലോകവും നമ്മുടെ ഭാരതവും ഇതില്‍ നിന്നൊഴിവല്ല. വിവേചനത്തിന്റെയും അരികുവത്കരണത്തിന്റെയും ഇരകളായി നെല്‍സന്‍ മണ്ഡേല മുതല്‍ രോഹിത് വെമൂല വരെ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ഇവ്വിധം വൈവിധ്യമാര്‍ന്ന മനുഷ്യകുലത്തെ ഒന്നായിക്കാണാനും ഒരുപോലെ കൈകാര്യം ചെയ്യാനുമാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. ഒരു തരത്തിലുള്ള ഉച്ചനീചത്വങ്ങളുമില്ലാത്ത നീതിനിഷ്ഠമായ ഉത്തമസമൂഹസൃഷ്ടിയാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. എന്നാല്‍ ഒരു വ്യത്യാസവും അംഗീകരിക്കാത്ത കൃത്രിമമായ ഏകതാനതയോ നിര്‍ബന്ധിത സ്ഥിതി സമത്വമോ നടപ്പില്ലതാ നും. എല്ലാ വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കെത്തന്നെ മാനവികതയ്ക്ക് വില കല്‍പിക്കുന്ന തരത്തില്‍ സമൂഹക്രമം കെട്ടിപ്പടുക്കാനാവശ്യമായ വിശ്വ മാനവികതയുടെ വിശ്വാസദര്‍ശനമാണിസ്‌ലാം. ഇസ്‌ലാം മനുഷ്യനെ കാണുന്നത് രണ്ടു 'വ്യൂപോയന്റില്‍' നിന്നുകൊണ്ടാണ്. ഒന്ന്, എല്ലാ മനുഷ്യരും ഒരേയൊരു സ്രഷ്ടാവിന്റെ സൃഷ്ടികളാണ്. രണ്ട്, എല്ലാ മനുഷ്യരും ഒരുമ്മയുടെയും അച്ഛന്റെയും മക്കളാണ്. 23വര്‍ഷം കൊണ്ട് മുഹമ്മദ് നബി അറേബ്യയില്‍ വരുത്തിയ പരിവര്‍ത്തനവും വാര്‍ത്തെടുത്ത ഉത്തമസമൂഹവും ഈ വിശ്വാസദര്‍ശനത്തിലൂന്നി നിന്ന വിശ്വാസസഹോദര്യത്തിന്റെ പരിണതിയായിരുന്നു.

മുഹമ്മദ് നബി(സ) വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശവുമായി ഇസ്‌ലാമിക പ്രബോധനത്തിനറിങ്ങിത്തിരിക്കുമ്പോള്‍ സകലമാന ഉച്ചനീചത്വങ്ങളും അതില്‍ നിന്നുത്ഭൂതമാകുന്ന അടിച്ചമര്‍ത്തലും ചൂഷണങ്ങളും നിലനില്‍ക്കുന്ന കാലമായിരുന്നു. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കിവയ്ക്കുകയും അടിമകളെ നാല്ക്കാലികളെപ്പോലെ പരിഗണിക്കുകയും ചെയ്തിരുന്നവരിലേക്ക് മനുഷ്യത്വത്തിന്റെ വിലയും അടിമത്തത്തിന്റെ പ്രയാസങ്ങളും ബോധ്യപ്പെടുത്തി അടിമമോചനത്തിലേക്ക് ആ സമൂഹത്തെ മുഹമ്മദ്‌നബി(സ) നയിച്ചു. ഗോത്രഭരണം നിലനിന്നിരുന്ന അറേബ്യയില്‍ കുടുംബ മഹിമയുടെ ആഢ്യത്വം നിലനില്ക്കുകയും ഈ രംഗത്തെ താന്‍ പോരിമയ്ക്കുവേണ്ടി നിത്യവും സംഘട്ടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ വംശത്തിന്റെ പേരില്‍ യാതൊരു പോരിശയുമില്ല എന്നു ബോധ്യപ്പെടുത്തിയെടുത്തു. ഗോത്രപ്പെരുമ മാത്രമല്ല അറബ് ദേശീയയുടെ പേരിലും ഇതരരെ ഇകഴ്ത്തിയിരുന്നവരോട് പ്രവാചകന്‍ പ്രഖ്യാപിച്ച് അറബിക്ക് അനറബിയേക്കാള്‍ മഹത്വമില്ല . വെളുത്തവന് കറുത്തവനേക്കാള്‍ ശ്രേഷ്ഠതയില്ല. സൂക്ഷ്മത പുലര്‍ത്തുന്ന ഭക്തജനങ്ങള്‍ക്ക് മാത്രമേ ദൈവത്തിങ്കല്‍ മഹത്വവും മാന്യതയുമുള്ളൂ എന്നായിരുന്നു. ഏതുകാലത്തും അടിച്ചമര്‍ത്തപ്പെട്ട ആ വിഭാഗമാണ് സ്ത്രീകള്‍. പ്രതൃത്യായുള്ള 'അബലത'യും സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട് പിന്‍തള്ളപ്പെട്ടവരാണ് സ്ത്രീകള്‍. സമൂഹത്തിന്റെ അര്‍ധഭാഗമാണ് സ്ത്രീകളെന്നും അവര്‍ക്ക് ബാധ്യതപോലെ അവകാശവും പുരുഷനെപ്പോലെ സ്വാതന്ത്ര്യവും ഉണ്ടെന്നും പ്രവാചകന്‍ ബോധ്യപ്പെടുത്തി. അല്ലാഹു നിശ്ചയിച്ച ചില നിയന്ത്രണങ്ങളോടെ സ്ത്രീകളെ മനുഷ്യസമൂഹത്തിന്റെ അവിഭാജ്യഘടകമാക്കിയത് ഇസ്‌ലാമാണ്.

ഫറോവ, ഹാമാന്‍, നംറൂദ് തുടങ്ങിയ രാജാക്കന്മാരുടെ ഭരണകൂട ഭീകരതകളും ജാലൂത്തിന്റെ കീരാതത്വവും ചരിത്രത്തില്‍ നിന്നെടുത്ത് പഠിപ്പിച്ച വിശുദ്ധ ക്വുര്‍ആനും നബിചര്യയും ഭരണാധികാരിയും ഭരണീയരും എങ്ങനെ ആയിരിക്കണമെന്ന് കൃത്യമായി പഠിപ്പിച്ചു. പ്രവാചകന്‍ ഭരണം നടത്തി മാതൃക കാണിച്ചു. പ്രവാചകന്റെ അനുചരന്മാര്‍ ഭരണാധികാരികളായിത്തീര്‍ന്നപ്പോള്‍ ലോകത്തിനു മുന്നില്‍ എന്നും മാതൃകയും നീതിയുടെ നിറകുടവുമായിവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. നാഗരികതയില്‍ ജീവിക്കുന്നവര്‍ ഉന്നതരും വിദൂര ഗ്രാമീണരായ 'നാടന്‍മാര്‍' രണ്ടാം തരമാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയും ചരിത്രത്തില്‍ വായിച്ചെടുക്കാം. നബി(സ) ഉന്നതരും നാഗരികരെന്നും കരുതപ്പെട്ട ഖുറൈശികളോടും അക്കാലത്തെ ആദിവാസികളായിരുന്ന അഅ്‌റാബികളോടും പെരുമാറിയത് ഒരേ നീതി ബോധത്തോടെയായിരുന്നു.

ഇങ്ങനെ ഒരു സമൂഹത്തെ ആമൂലാഗ്രം പരിവര്‍ത്തിപ്പിച്ചെടുത്ത, ചരിത്രത്തില്‍ തുല്യതയില്ലാത്ത, മഹാ ദൗത്യമായിരുന്നു മുഹമ്മദ് നബിയുടെ ജീവിതം. ഇത് ഒരു സുപ്രഭാതത്തില്‍ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് നേടിയെടുത്തതല്ല. അധികാരം കൈവന്നപ്പോള്‍ ചെങ്കോലും പട്ടാളവും ഉപയോഗിച്ച് സാധിച്ചെടുത്തതുമല്ല. മനുഷ്യന്റെ മനസ്സിനെ വിശ്വാസ ദര്‍ശനം കൊണ്ട് ഊതിക്കാച്ചിയെടുത്തുകൊണ്ട് എല്ലാവരും തുല്യരാണ് എന്ന ബോധം വളര്‍ത്തിയെടുത്തതാണ്. മനുഷ്യന്‍ എത്ര ഉന്നതനായാലും അല്ലാഹുവിന്റെ മുന്നില്‍ നിസ്സാരനാണ്. ഏതെങ്കിലും തരത്തില്‍ താഴെതട്ടിലാണെങ്കിലും അല്ലാഹുവിന്റെ മുന്നില്‍ അത് കുറച്ചിലല്ല എന്ന ചിന്താഗതി രൂപപ്പെടുത്തിയതാണ്. സമൂഹത്തില്‍ നിരാലംബരായിത്തീരാന്‍ സാധ്യതയുള്ള അനാഥര്‍, അഗതികള്‍, വിധവകള്‍ തുടങ്ങി. എല്ലാ ഏഴകളുടെയും തോഴനായി വര്‍ത്തിച്ച പ്രവാചകന്‍ പഠിപ്പിച്ച മതം (ഇസ്‌ലാം) കാഴ്ചവെച്ചത് വിശ്വമാനവികതയാണ്. വിശ്വസാഹോദര്യമാണ്. അടിച്ചമര്‍ത്തലുകളോ അരികുവത്കരിക്കലോ അവഗണിക്കലോ ഇല്ലാത്ത സമത്വ സുന്ദരമായ സമൂഹ നിര്‍മിതി സാധിച്ചെടുത്തതാകട്ടെ അടിയുറച്ച ഏകദൈവ വിശ്വാസവും കറകളഞ്ഞ പരലോക ചിന്തയും മുഖേനയായിരുന്നു. മനുഷ്യന്‍ ജന്‍മനാ രണ്ടു ജാതി; ആണും പെണ്ണും. കര്‍മം കൊണ്ടും രണ്ടു ജാതി;  സജ്ജനങ്ങളും ദുര്‍ജനങ്ങളും. ഇതല്ലാത്ത വിവേചനങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നില്ല. ജാതീയത, ഐത്തം, ഉച്ചനീചത്വം തുടങ്ങിയവ മാനവിക വിരുദ്ധമാണ്; ഇസ്‌ലാം വിരുദ്ധവും.


© സി പി ഉമർ സുല്ലമി
അത്തൗഹീദ് ദ്വൈമാസിക
2016 ജനുവരി - ഫെബ്രുവരി

Tuesday, 19 March 2019

അല്ലാഹു കഴിവ് നല്കലും പുരോഹിതന്മാരുടെ അജ്ഞതയും


എ അബ്‌ദുസ്സലാം സുല്ലമി


``സാധാരണവും അസാധാരണവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കഴിവ്‌ നല്‌കുന്നവന്‍ അല്ലാഹുവാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ അതു നല്‌കാന്‍ അല്ലാഹുവിന്‌ കഴിയില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്‌?'' (സുന്നിവോയ്‌സ്‌ -2008 ഒക്‌ടോബര്‍ 16-31, പേജ്‌ 16)

സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ശിര്‍ക്കും കുഫ്‌റും കലര്‍ന്ന ഒരു വാദമാണ്‌ യാഥാസ്ഥിതികര്‍ ഇവിടെ അവതരിപ്പിക്കുന്നത്‌. അവ താഴെ വിവരിക്കുന്നു.

1). സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനം ഒരുപോലെ കണ്ടത്‌: സാധാരണ മനുഷ്യനും അസാധാരണ മനുഷ്യനും ദൈവവിശ്വാസിക്കും ദൈവനിഷേധിക്കും പരലോക വിശ്വാസിക്കും പരലോക നിഷേധിക്കും അബൂലഹബ്‌, അബൂജഹ്‌ല്‍, ഉമയ്യ, ഉത്‌ബത്ത്‌, ശൈബ, വലീദ്‌, ഫിര്‍ഔന്‍, ഖാറൂന്‍, ഹാമാന്‍, നംറൂദ്‌ മുതലായവര്‍ക്കും മുഹമ്മദ്‌ നബി(സ), അബൂബക്കര്‍, ഉമര്‍, ഉസ്‌മാന്‍, അലി(റ), മൂസാനബി(അ), ഇബ്‌റാഹീം നബി(അ) മുതലായവര്‍ക്കും അവരുടെ കണ്ണിന്‌ കാഴ്‌ചശക്തിയും ചെവിക്ക്‌ കേള്‍വിശക്തിയും നാവിന്‌ സംസാരശേഷിയും കാലുകള്‍ക്ക്‌ നടക്കാനുള്ള കഴിവും വിരലുകള്‍ക്ക്‌ ചലിപ്പിക്കാനുള്ള കഴിവും അല്ലാഹു നല്‌കിയിട്ടുണ്ട്‌. സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കഴിവുകളും അല്ലാഹു ഇവര്‍ക്കെല്ലാം നല്‌കിയിട്ടുണ്ട്‌. അപ്പപ്പോള്‍ സന്ദര്‍ഭോചിതം അല്ലാഹു മാത്രം ഉദ്ദേശിക്കുമ്പോള്‍ നല്‌കുകയല്ല. ഇത്‌ ഇസ്‌ലാമില്‍ നിന്ന്‌ പുറത്തുപോയ പിഴച്ച കക്ഷിയായ ജബ്‌രിയാക്കളുടെ ജല്‌പനമാണ്‌. ജീവിച്ചിരിക്കുന്നവരെ വിളിച്ച്‌ സഹായംതേടുന്നതും മരണപ്പെട്ടവരെ വിളിച്ച്‌ സഹായംതേടുന്നതും ഒരുപോലെയാണെന്ന തങ്ങളുടെ മറ്റൊരു തനിച്ച ശിര്‍ക്കും കുഫ്‌റും വിഡ്‌ഢിത്തവും നിറഞ്ഞ വാദത്തെ സ്ഥാപിക്കാനാണ്‌ ജബ്‌രിയാക്കളുടെ ഈ വാദത്തെ സുന്നത്ത്‌ ജമാഅത്തിന്റെ വാദമായി അട്ടിമറി നടത്തിക്കൊണ്ട്‌ ഇവര്‍ അവതരിപ്പിക്കുന്നത്‌.

``അദ്ദേഹം അവരെ വിട്ടുമാറുകയും യൂസുഫിനെ കുറിച്ചുള്ള എന്റെ ദു:ഖമേ എന്നു പറഞ്ഞു കരയുകയും ചെയ്‌തു. അങ്ങനെ ദു:ഖം മൂലം (കരഞ്ഞുകരഞ്ഞ്‌) കണ്ണുകള്‍ വെളുത്തു. അദ്ദേഹം നിറഞ്ഞ ദു:ഖിതനായിരുന്നു'' (യൂസുഫ്‌ 84). കെ വി കൂറ്റനാട്‌ മുസ്‌ലിയാരുടെ പരിഭാഷയില്‍ എഴുതുന്നു: ``കരച്ചിലിന്റെയും മനോവ്യഥയുടെയും കാഠിന്യത്താല്‍ ആ മഹാന്റെ കണ്ണുകള്‍ വെളുത്തു അന്ധത തന്നെ ബാധിക്കുകയുണ്ടായി.'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ്‌ 94). അല്ലാഹു പറയുന്നു: ``അങ്ങനെ ശുഭവാര്‍ത്താ വാഹകന്‍ വന്നപ്പോള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത്‌ വെച്ചു തല്‍സമയം കാഴ്‌ചയുള്ള ആളായിത്തീര്‍ന്നു.'' (യൂസുഫ്‌ 96). കെ വി കൂറ്റനാട്‌ മുസ്‌ലിയാര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ എഴുതുന്നു: ``കുപ്പായം വന്ദ്യപിതാവിന്റെ മുഖത്ത്‌ വെച്ചുകൊടുത്തു. എന്തൊരത്ഭുതം. കരഞ്ഞുകരഞ്ഞ്‌ കണ്ണു കലങ്ങി കാഴ്‌ച നഷ്‌ടപ്പെട്ട അദ്ദേഹത്തിന്നതാ കാഴ്‌ച തിരിച്ചുകിട്ടിയിരിക്കുന്നു'' (ഫത്‌ഹുര്‍റഹ്‌മാന്‍, വാള്യം 3, പേജ്‌ 104). യഅ്‌ഖൂബ്‌ നബി(അ)യുടെ കണ്ണിന്‌ അല്ലാഹു കാഴ്‌ചശക്തി നല്‌കിയിരുന്നില്ല. അപ്പപ്പോള്‍ നല്‌കുകയാണ്‌ ചെയ്‌തിരുന്നതെങ്കില്‍ അദ്ദേഹം കരഞ്ഞു കരഞ്ഞു കണ്ണുകള്‍ കലങ്ങിയത്‌ കാരണം കാഴ്‌ചശക്തി നഷടപ്പെട്ടുവെന്നും കുപ്പായം മുഖത്ത്‌ വെച്ചപ്പോള്‍ നഷ്‌ടപ്പെട്ട കാഴ്‌ചശക്തി തിരിച്ചുകിട്ടിയെന്നും എങ്ങനെയാണ്‌ പുരോഹിതന്മാരേ പറയുക? മഹാനും അസാധാരണക്കാരനുമായ അദ്ദേഹത്തിന്റെ കാഴ്‌ചശക്തി നഷ്‌ടപ്പെട്ട്‌, കാണാന്‍ സാധിക്കാതെ അദ്ദേഹം ജീവിക്കുന്ന സന്ദര്‍ഭത്തില്‍ അന്ന്‌ നാടു ഭരിച്ചിരുന്ന ഫിര്‍ഔനിന്റെയും അതുപോലെ പല മുശ്‌രിക്കുകളുടെയും കാഴ്‌ചശക്തി നഷ്‌ടപ്പെട്ടിരുന്നില്ല. ഈ പ്രവാചകനെക്കാള്‍ കാണാനുള്ള കഴിവ്‌ അല്ലാഹു അവര്‍ക്ക്‌ നല്‌കിയിരുന്നു. അദൃശ്യകാര്യം അറിയാനുള്ള കഴിവ്‌ അല്ലാഹു അദ്ദേഹത്തിന്‌ നല്‌കിയിരുന്നുവെങ്കില്‍ കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടാലും കണ്ണ്‌ എന്ന അവയവം ഇല്ലെങ്കില്‍ പോലും അദ്ദേഹത്തിന്‌ കാണാന്‍ സാധിച്ചേനെ. യൂസുഫിനെക്കുറിച്ച്‌ ദു:ഖിക്കുകയുമില്ല. ഏകദേശം നാല്‌പത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ യൂസുഫിനെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിവ്‌ ലഭിക്കുന്നത്‌. ഈ കാലം വരെ ആ പ്രവാചകന്‌ തന്റെ മകനെക്കുറിച്ച്‌ അറിയാന്‍ ആഗ്രഹവും ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന്‌ മുശ്‌രിക്കുകളല്ലാതെ മറ്റാരും ജല്‌പിക്കുകയില്ല.

2). അസാധാരണ വ്യക്തികള്‍ക്ക്‌ അസാധാരണ കഴിവുകള്‍ അല്ലാഹു നല്‌കുമെന്ന വാദം: അസാധാരണ വ്യക്തികളില്‍ നിന്ന്‌ ഉണ്ടാകുന്ന സാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്ക്‌ നല്‌കിയ കഴിവുകൊണ്ട്‌ അവര്‍ ചെയ്യുന്നതാണ്‌. എന്നാല്‍ അസാധാരണ വ്യക്തികളില്‍ നിന്ന്‌ ഉണ്ടാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു അവര്‍ക്കു നല്‌കിയ കഴിവുകള്‍ കൊണ്ട്‌ ഉണ്ടാകുന്നതല്ല. അവ അല്ലാഹു നേരിട്ടു ചെയ്യുന്ന അവന്റെ പ്രവര്‍ത്തനം മാത്രമാണ്‌. ഇതാണ്‌ അഹ്‌ലുസുന്നത്തിന്റെയും ഏകദൈവവിശ്വാസികളുടെയും വിശ്വാസം. ശുദ്ധാത്മാക്കളുടെ അന്നമെന്ന്‌ മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ വിശേഷിപ്പിച്ച `ജൗഹറത്തി'ല്‍ എഴുതുന്നു: ``പ്രവാചകത്വ വാദവുമായി രംഗത്തുവന്നയാളോട്‌ എതിരാളികള്‍ മത്സരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുമ്പോള്‍ അവരെ അശക്തരാക്കിത്തീര്‍ക്കും വിധം ആ പ്രവാചകന്റെ കൈയാല്‍ അല്ലാഹു വെളിപ്പെടുത്തുന്ന അസാധാരണവും അത്ഭുതകരവുമായ ഒരു മഹത്‌കൃത്യത്തിനാണ്‌ മുഅ്‌ജിസത്ത്‌ എന്നു പറയുന്നത്‌. ഇതില്‍ മനുഷ്യരില്‍ നിന്നാര്‍ക്കും തന്നെ യാതൊരു പങ്കും പ്രവൃത്തിയുമില്ല. തന്റെ പ്രവാചകന്മാരെ ശക്തിപ്പെടുത്താനായി അവരുടെ കൈയാല്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ വെളിപ്പെടുത്തുന്നതു മാത്രമാണവ. അവരുടെ പ്രവൃത്തികൊണ്ടോ അധ്വാനം കൊണ്ടോ ഒന്നുമല്ല. മൂസാ(അ)ന്റെ വടി ഓടുന്ന പാമ്പായി രൂപാന്തരപ്പെട്ടപ്പോള്‍ അദ്ദേഹം ഭയപ്പെട്ട്‌ തിരിഞ്ഞുനോക്കാതെ ഓടി. താങ്കള്‍ ഭയപ്പെടേണ്ടതില്ല. അതിനെ പൂര്‍വാവസ്ഥയിലേക്ക്‌ നാം മടക്കുന്നതാണ്‌ എന്ന്‌ അല്ലാഹു സമാശ്വസിപ്പിച്ചപ്പോള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഭയം വിട്ടുമാറിയത്‌ എന്നാണ്‌ പരിശുദ്ധ ഖുര്‍ആന്‍ തറിപ്പിച്ചു പറഞ്ഞിട്ടുള്ളത്‌. ഇതില്‍ അവര്‍ക്ക്‌ യാതൊരു പങ്കുമില്ലെന്നു വ്യക്തമാകുന്നു (ജൗഹറത്തു തൗഹീദ്‌, സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചെമ്മാട്‌, പേജ്‌ 176). ചില ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം.

1). അസാധാരണ വ്യക്തിയായ സ്വാലിഹ്‌ നബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു വലിയൊരു ഒട്ടകം സൃഷ്‌ടിക്കപ്പെട്ടത്‌. സ്വാലിഹ്‌ നബി(അ)ക്ക്‌ താന്‍ ഉദ്ദേശിക്കുമ്പോള്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കാനും സംസാരിക്കാനും കളിമണ്ണുകൊണ്ട്‌ ഒരു ഒട്ടകത്തിന്റെ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഒട്ടകത്തെ സൃഷ്‌ടിക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതുകൊണ്ട്‌ അദ്ദേഹം സൃഷ്‌ടിച്ചതല്ല ഈ ഒട്ടകം. വല്ലവരും അപ്രകാരം വിശ്വസിച്ചാല്‍ അത്‌ ശിര്‍ക്കായിരിക്കും. അല്ലാഹു സ്വാലിഹ്‌ നബി(അ)യെ ഒരു കുട്ടിദൈവമാക്കി സൃഷ്‌ടിച്ചുവെന്നും അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അവന്‍ സ്വാലിഹ്‌ നബിയെ പങ്കാളിയാക്കി എന്നും പറയുന്നതിന്‌ തുല്യമാണിത്‌.

2). അസാധാരണ വ്യക്തിയായ ഈസാനബി(അ) മുഖേന ഉണ്ടായ ഒരു അസാധാരണ സംഭവമായിരുന്നു മരണപ്പെട്ട ചില മനുഷ്യന്മാരെ ജീവിപ്പിച്ചതും കളിമണ്ണുകൊണ്ട്‌ പക്ഷികളുടെ രൂപം ഉണ്ടാക്കി ശേഷം അവയ്‌ക്ക്‌ ജീവന്‍ നല്‌കി ആകാശത്തിലൂടെ പറപ്പിച്ചതും. ഈസാനബി(അ)ക്കു അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ നിലത്ത്‌ മരിച്ചുകിടക്കുന്ന ഒരു മനുഷ്യനെ താങ്ങിപ്പിടിച്ച്‌ ഇരുത്താനും കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ ഏകദേശ രൂപം ഉണ്ടാക്കാനും അല്ലാഹു കഴിവ്‌ നല്‌കിയതു പോലെ ഈ അസാധാരണമായ പ്രവര്‍ത്തനത്തിനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിച്ചാല്‍ അത്‌ ശിര്‍ക്കായിരിക്കും.

3പ്രവാചകരും വലിയ്യുകളും ആഗ്രഹിക്കുന്ന സമയത്ത്‌ അസാധാരണ സംഭവങ്ങള്‍ പ്രകടിപ്പിക്കാന്‍ അല്ലാഹു കഴിവ്‌ നല്‌കുമെന്നാണ്‌ ഇവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു ബഹുദൈവ വിശ്വാസം. മുഹമ്മദ്‌ നബി(സ)യുടെ നാവില്‍ നിന്ന്‌ പുറത്തുവന്ന അസാധാരണ വചനങ്ങളായിരുന്നു വിശുദ്ധ ഖുര്‍ആന്‍. നബി(സ) ഉദ്ദേശിക്കുമ്പോള്‍ തന്റെ ഭാര്യയോടും കുട്ടികളോടും ജനങ്ങളോടും സംസാരിക്കാന്‍ അല്ലാഹു അദ്ദേഹത്തിന്‌ കഴിവ്‌ നല്‌കിയതു പോലെ ഖുര്‍ആന്‍ ജനങ്ങള്‍ക്ക്‌ ഓതിക്കൊടുക്കാനും കഴിവ്‌ നല്‌കിയിരുന്നുവെന്ന്‌ വല്ലവരും വിശ്വസിക്കുന്നുവെങ്കില്‍ അത്‌ ശിര്‍ക്കാണ്‌. പ്രവാചകന്മാര്‍ക്കും വലിയ്യുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്‌ സാധാരണവും അസാധാരണവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിവ്‌ നല്‌കാന്‍ അല്ലാഹുവിന്‌ കഴിവില്ലെന്നാണോ പുത്തന്‍വാദികള്‍ വിശ്വസിക്കുന്നത്‌ എന്നാണ്‌ യാഥാസ്ഥിതികരുടെ ചോദ്യം. കഴിവില്ലെന്ന്‌ ഒരു പുത്തന്‍വാദിയും വിശ്വസിക്കുന്നില്ല. മക്കാമുശ്‌രിക്കുകള്‍ക്ക്‌ പോലും ഇപ്രകാരം വിശ്വാസമുണ്ടായിരുന്നില്ല. കഴിവ്‌ നല്‌കുമോ ഇല്ലയോ എന്നതിലായിരുന്നു തര്‍ക്കം. കഴിവ്‌ നല്‌കുകയില്ലെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിച്ചു. നല്‌കുമെന്ന്‌ മുശ്‌രിക്കുകളും വിശ്വസിച്ചു. അങ്ങനെ മരണപ്പെട്ടുപോയ ഇബ്‌റാഹീം നബി(അ)യെയും ഇസ്‌മാഈല്‍ നബി(സ)യെയും വിളിച്ച്‌ സഹായംതേടിയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കോളങ്ങള്‍ അവര്‍ നിറച്ചു. ``ചിലപ്പോള്‍ വലിയ്യിന്റെ ഭാഗത്തുനിന്ന്‌ പ്രാര്‍ഥനയും അഭിലാഷവും ഉണ്ടെങ്കിലും കറാമത്ത്‌ ഉണ്ടായില്ല എന്നും വരും.'' (ജൗഹറതുത്തൗഹീദ്‌, പേജ്‌ 215)

തിരുമുടിയും നബിയുടെ ഭൗതികാവശിഷ്‌ടങ്ങളും -ഒരു പ്രാമാണിക വിശകലനം


എ അബ്‌ദുസ്സലാം സുല്ലമി

ഒരു മനുഷ്യനെയോ വസ്‌തുവിനെയോ ദൈവമാക്കിയാല്‍ മാത്രമേ (ഇലാഹാക്കിയാല്‍ മാത്രമേ) ബഹുദൈവ വിശ്വാസം (ശിര്‍ക്ക്‌) സംഭവിക്കുകയുള്ളൂ എന്ന്‌ യാഥാസ്ഥിതികര്‍ പ്രചരിപ്പിച്ചുവരുന്നു. അതിനാല്‍ ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ടവരെ വിളിച്ച്‌

തേടിയാലും അവരുടെ പേരില്‍ നേര്‍ച്ചയാക്കിയാലും അവരെ പിടിച്ച്‌ സത്യംചെയ്‌താലും ആഗ്രഹസഫലീകരണത്തിനു വേണ്ടി ഖബറുകള്‍ സന്ദര്‍ശിച്ചാലും മരണപ്പെട്ടവരുടെ പ്രീതി ലഭിക്കാന്‍ വേണ്ടി അവരുടെ ആണ്ട്‌ കഴിച്ചാലും മൗലീദ്‌ ആഘോഷിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകില്ലത്രെ! മുസ്‌ലിംകള്‍ക്കിടയില്‍ ബഹുദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുരോഹിത വിഭാഗം തെളിവിന്റെ അഭാവത്തിലും ദുര്‍ബലതയിലും ഇത്തരം വിഷയങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ ആത്മീയവാണിഭത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇപ്പോള്‍ പുതിയൊരു തര്‍ക്കവിഷയം ഇറക്കുമതി ചെയ്‌തിരിക്കുകയാണ്‌. ഈ വിഷയത്തില്‍ ഹദീസുകളുടെ പിന്‍ബലം ഉണ്ടെന്ന തെറ്റിദ്ധാരണയും കുടില താല്‌പര്യവുമാണ്‌ ഇവരെ നബി(സ)യുടേതാണെന്ന്‌ ജല്‌പിച്ച്‌ രണ്ടു കഷ്‌ണം തലമുടിയുമായി രംഗപ്രവേശം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. നബി(സ)യുടെ ശാരീരിക അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ഇക്കാലത്തും തബര്‍റുക്ക്‌ (അനുഗ്രഹം) എടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? തബര്‍റുക്കിന്റെ എല്ലാ ഇനങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ? മുതലായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്‌. അതിനു മുമ്പായി പ്രവാചകന്റെ മുടി, രക്തം പോലെയുള്ള ശാരീരിക അവിശിഷ്‌ടങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ വിധി പരിശോധിക്കാം:

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‌കപ്പെടുന്നു.'' (അല്‍കഹ്‌ഫ്‌ 110) ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി(റ) എഴുതുന്നത്‌ ശ്രദ്ധിക്കുക: ``അതായത്‌ വിശേഷണങ്ങളില്‍ യാതൊരു കാര്യത്തിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു പ്രത്യേകതയുമില്ല. തീര്‍ച്ചയായും അല്ലാഹു എനിക്ക്‌ ദിവ്യസന്ദേശം നല്‌കി എന്നത്‌ അല്ലാതെ. നിശ്ചയം ഏകനും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാത്തവനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല.'' (റാസി 11:177).

``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌'' (ഫുസ്സിലത്ത്‌ 7). ഈ സൂക്തത്തെ വ്യാഖ്യാനിച്ച്‌ അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി (തിരൂരങ്ങാടി ഖാസി) എഴുതുന്നു: ``പ്രകൃത്യാ നബി തിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്‌.'' (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, വാള്യം 2, പേജ്‌ 1022) 
വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പ്രഖ്യാപിക്കുമ്പോള്‍ നബി(സ)യുടെ വിസര്‍ജ്യ വസ്‌തുക്കള്‍ക്ക്‌ സാധാരണ മനുഷ്യന്റേതില്‍ നിന്ന്‌ വ്യത്യാസമുണ്ട്‌; അവ അശുദ്ധമല്ല, മറിച്ച്‌ ശുദ്ധിയാണെന്ന്‌ വാദിക്കാന്‍ ഖണ്ഡിതമായ തെളിവുകള്‍ അനിവാര്യമാണ്‌. എന്നാല്‍ യാഥാസ്ഥിതികര്‍ എഴുതുന്നതു കാണുക: ``തിരുനബി(സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന്‌ പറഞ്ഞത്‌ ഗ്രന്ഥങ്ങളില്‍ കണ്ടിട്ടും അത്തരം വരികള്‍ ചാടിക്കടക്കുകയാണ്‌ അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ-ലോങ്‌ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്‌പീരിയന്‍സ്‌ എത്രയുണ്ടെന്ന്‌ മനസ്സിലാകും. നടു ഇടിച്ച്‌ നിലംപരിശാകുന്നത്‌ നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക്‌ ഈ വരികള്‍ തന്നെയാണ്‌ അവലംബം.'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). ശാഫിഈ മദ്‌ഹബിലെ മുഗ്‌നി എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``രക്തം, ചലം, ഛര്‍ദിച്ചത്‌, മലം, മൂത്രം, കാമജലം, മൂത്രത്തിലുള്ള കൊഴുത്ത വെള്ളം മുതലായവ നബി(സ)യുടേത്‌ ശുദ്ധിയുള്ളതാണ്‌. ബഗ്‌വിയും മറ്റുള്ളവരും ഇപ്രകാരം ഉറപ്പിച്ചുപറയുന്നു. ഖാളി ഈ അഭിപ്രായത്തെ ശരിയാക്കുന്നു. മറ്റുള്ളവരും. എന്റെ ശൈഖും ഇപ്രകാരം മതവിധി നല്‌കുന്നു. ഈ അഭിപ്രായം ശറഹു സ്വഗീറില്‍ പ്രകടിപ്പിച്ചതിന്‌ എതിരാണ്‌'' (മുഗ്‌നി 1:113). ഈ വിഷയത്തില്‍ ശാഫിഈ മദ്‌ഹബില്‍ പോലും ഏകാഭിപ്രായമില്ലെന്ന്‌ മുഗ്‌നിയിലെ ഈ പ്രസ്‌താവന വ്യക്തമാക്കുന്നു. ഇമാം നവവി(റ) ഉദ്ധരിക്കുന്നതു കാണുക:

``നബി(സ)യുടെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ പറയുന്നവന്‍ നബി(സ) മലമൂത്ര വിസര്‍ജനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ശുദ്ധിയാക്കിയെന്നതിന്‌ അത്‌ നല്ലത്‌ എന്ന നിലക്കും ശുദ്ധീകരണം എന്ന നിലക്കുമാണെന്ന്‌ മറുപടി പറയുന്നു. എന്നാല്‍ ഭൂരിപക്ഷപ്രകാരം ശരിയായിട്ടുള്ളത്‌ രക്തവും മറ്റുള്ള വിസര്‍ജ്യവസ്‌തുക്കളും അശുദ്ധമാണെന്നാണ്‌. ഇറാഖുകാര്‍ ഇപ്രകാരം ഖണ്ഡിതമായി പറയുന്നു. ഖാളി ഹുസൈന്‍ അവര്‍ക്ക്‌ എതിരഭിപ്രായം പറയുന്നു. അദ്ദേഹം പറഞ്ഞു: ഏറ്റവും ശരിയായത്‌ അവയെല്ലാം ശുദ്ധിയുള്ളതാണെന്നാണ്‌.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ഇമാം നവവി(റ) പറയുന്നു: ``ഖഫാല്‍ തല്‍ഖീസിന്റെ ശറഹില്‍ ഖസ്വാഇസ്വില്‍ പറയുന്നു: നമ്മുടെ ചില അനുയായികള്‍ നബി(സ)യില്‍ നിന്ന്‌ പുറത്തുവരുന്നതെല്ലാം ശുദ്ധമാണെന്ന്‌ പറയുന്നു. ഈ അഭിപ്രായം ശരിയല്ല. ഇപ്രകാരം ഖഫാല്‍ ഉദ്ധരിക്കുന്നു. അദ്ദേഹം ഖുറാസാന്‍കാരുടെ അഭിപ്രായം ഉദ്ധരിക്കുന്ന ശൈഖാണ്‌. അദ്ദേഹത്തിന്റെ മേല്‍ ആണ്‌ അവലംബം.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ശാഫിഈ മദ്‌ഹബിലെ ധാരാളം ഗ്രന്ഥങ്ങളില്‍ ഇവയെല്ലാം അശുദ്ധമാണെന്ന്‌ പറയുന്നു (മിന്‍ഹാജിന്റെ ശറഹായ നിഹായഃ, 1:242). ശുദ്ധമാണെന്ന്‌ പറയുന്നവര്‍ താഴെ പറയുന്ന ഹദീസുകളാണ്‌ തെളിവ്‌ പിടിക്കുന്നത്‌.

ഉമ്മുഅയ്‌മന്‍(റ) പറയുന്നു: ``നബി(സ)ക്ക്‌ രാത്രി മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പാത്രമുണ്ടായിരുന്നു. പ്രഭാതമായാല്‍ ഞാനത്‌ പുറത്ത്‌ ഒഴിച്ചുകളയും. ഒരു ദിവസം രാത്രി ദാഹിക്കുന്നവളായി ഞാന്‍ ഉണര്‍ന്നു. എനിക്ക്‌ ഇരുട്ടില്‍ പിഴവ്‌ സംഭവിച്ചു. ഞാന്‍ പാത്രത്തിലെ മൂത്രം കുടിച്ചു. ഈ സംഭവം നബി(സ)യോടു പറഞ്ഞപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: നിന്റെ വയറിനെ അഗ്നി സ്‌പര്‍ശിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍: നിന്റെ വയറിന്‌ യാതൊരു അസുഖവും ഈ ദിവസത്തിനു ശേഷം സംഭവിക്കുകയില്ല.'' (ദാറഖുത്വ്‌നി, ഹാകിം, ത്വബ്‌റാനി) ഈ ഹദീസ്‌ ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി ശത്രുക്കള്‍ നിര്‍മിച്ചുണ്ടാക്കിയതാണ്‌. നരകത്തില്‍ നിന്ന്‌ മനുഷ്യനെ രക്ഷപ്പെടുത്തുക ഒരാളുടെ വിശ്വാസവും സല്‍കര്‍മവുമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ശതക്കണക്കിന്‌ സൂക്തങ്ങളിലൂടെ ഈ തത്വം മനുഷ്യരെ പഠിപ്പിക്കുന്നു. നബി(സ) ഫാത്വിമ(റ)യെ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ മൂത്രം കുടിപ്പിക്കുകയുണ്ടായില്ല. ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യമല്ലാത്തവരാണുള്ളത്‌. അവരെ വിവരിക്കാം:

1). അബൂമാലികിന്നഖ്‌ഈ: ഇയാളുടെ ശരിയായ നാമം അബ്‌ദുല്‍ മലിക്‌ബ്‌നു ഹുസൈന്‍ എന്നാണ്‌. ഹദീസ്‌ പണ്ഡിതന്മാര്‍ ഇയാളെക്കുറിച്ച്‌ പറയുന്നത്‌ കാണുക: ഇബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' ഇബ്‌നു അലിയ്യ്‌(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്‌. ഇയാള്‍ അയോഗ്യനാണ്‌.'' അബൂസുര്‍അ(റ)യും അബൂഹാതിമും(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്‌.'' ഇമാം നസാഈ(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ഉപേക്ഷിക്കപ്പെടേണ്ടവയാണ്‌.'' ഹാകിം(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' അബൂദാവൂദ്‌(റ) പറയുന്നു: ``ദുര്‍ബലനാണ്‌.'' ബുഖാരി(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' ദാറഖുത്വ്‌നി(റ) പറയുന്നു: ``ഇയാള്‍ ദുര്‍ബലനാണ്‌.'' (തഹ്‌ദീബ്‌ 12:240, മീസാന്‍ 1:504)

2). നാഫിഅ്‌ബ്‌നു അത്വാഅ്‌: ഇയാള്‍ അപ്രശസ്‌തനാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തഹ്‌ദീബ്‌ 10:370)

3). വലീദ്‌ബ്‌നു അബ്‌ദിര്‍റഹ്‌മാന്‍: യഹ്‌യ്‌ബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' (മീസാന്‍ 4:312)

ഉമ്മുഅയ്‌മന്‍(റ) നബി(അ)യുടെ മൂത്രം കുടിച്ചതായി പറയുന്ന മറ്റൊരു ഹദീസ്‌: ഈ ഹദീസില്‍ ഈ വിവരം പറഞ്ഞപ്പോള്‍ നബി(സ)യുടെ പല്ലുകള്‍ പുറത്തുകാണുന്ന വിധം നബി(സ) ചിരിച്ചുവെന്നും പറയുന്നു. ശേഷം നിന്റെ വയറ്റില്‍ തീ പ്രവേശിക്കുകയില്ലെന്ന്‌ നബി(സ) പറഞ്ഞു. (അബൂനുഐമ്‌, ദാറഖുത്വ്‌നി, ഹാകിം). ഇതിന്റെ പരമ്പരയിലും നാം മുകളില്‍ വിവരിച്ച അബൂമാലിക്‌ എന്നയാളുണ്ട്‌. നബീഅ്‌ എന്ന മനുഷ്യനാണ്‌ ഉമ്മുഅയ്‌മനില്‍(റ) നിന്ന്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. ഇയാള്‍ ഇവരെ കണ്ടിട്ടില്ല. ഇബ്‌നു ഹജര്‍(റ) പറയുന്നു: ``അബൂമാലിക്‌ ദുര്‍ബലനാണ്‌. നബീഹ്‌ ഉമ്മു അയ്‌മനെ കണ്ടുമുട്ടിയിട്ടില്ല.'' (തല്‍ഖീസ്‌ 1:182)

ബര്‍കതുല്‍ അബ്‌ശി(റ) എന്ന സ്‌ത്രീ നബി(സ)യുടെ മൂത്രം കുടിച്ചപ്പോള്‍ നിനക്ക്‌ ഒരിക്കലും ഇനി രോഗം ബാധിക്കുകയില്ലെന്ന്‌ പറയുന്ന ഹദീസ്‌ (അബ്‌ദുര്‍റസ്സാഖ്‌): ഈ ഹദീസാണ്‌ മുഗ്‌നിയില്‍ തെളിവായി ഉദ്ധരിക്കുന്നത്‌. ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയതാണിത്‌. എങ്കില്‍ നബി(സ)ക്ക്‌ രോഗം വരാതിരിക്കാന്‍ തന്റെ മൂത്രം കുടിച്ചാല്‍ മതിയായിരുന്നു. ധനം ചെലവുചെയ്‌തു ചികിത്സിക്കേണ്ടിയിരുന്നില്ല. ഇതു പരമ്പരമുറിഞ്ഞ ഹദീസാണ്‌.

അബൂത്വയ്യിബ്‌ എന്ന അടിമ നബി(സ)യെ കൊമ്പ്‌ വെച്ച ശേഷം ആ രക്തം കുടിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ``എന്റെ രക്തം വല്ലവന്റെയും രക്തവുമായി കലര്‍ന്നാല്‍ അവനെ നരകം സ്‌പര്‍ശിക്കുകയില്ല'' (മുഗ്‌നി 1:113). ഇസ്‌ലാമിനെ അപമാനിക്കാന്‍ വേണ്ടി ചിലര്‍ നിര്‍മിച്ചുണ്ടാക്കിയ ഹദീസാണിത്‌. ഇവര്‍ നബി(സ)യുടെ കാലത്താണ്‌ ജീവിച്ചിരുന്നതെങ്കില്‍ നബി(സ)യെ വധിച്ച്‌ രക്തംകുടിച്ച്‌ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ചേനെ! ഇമാം നവവി(റ) പ്രസ്‌താവിക്കുന്നതു കാണുക: ``അബൂത്വയ്യിബ്‌ രക്തം കുടിച്ചതായി പറയുന്ന ഹദീസ്‌ ദുര്‍ബലമായതാണ്‌.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:234) ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:179)

ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``ഒരിക്കല്‍ നബി(സ)യെ ഖുറൈശികളില്‍ പെട്ട ഒരു അടിമ കൊമ്പ്‌ വെച്ചു. ശേഷം അടിമ രക്തം പാത്രത്തിലാക്കി ഒരു മതിലിന്റെ പിന്‍ഭാഗത്തേക്കു പോയി. അവന്‍ ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും നോക്കുകയും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‌ ഉറപ്പായ സന്ദര്‍ഭത്തില്‍ രക്തം മുഴുവന്‍ കുടിക്കുകയും ചെയ്‌തു. നബി(സ)യുടെ അടുത്തു വന്നപ്പോള്‍ നബി(സ) അവന്റെ മുഖത്തേക്ക്‌ നോക്കി. ശേഷം പറഞ്ഞു: നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന്‌ സംരക്ഷിച്ചു'' (ഇബ്‌നുഹിബ്ബാന്‍) വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തിന്‌ വിരുദ്ധമാണിത്‌. ഇബ്‌നുഹിബ്ബാന്‍(റ) തന്നെ ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നു. ഇബ്‌നുഹജര്‍(റ) ഈ ഹദീസ്‌ വ്യാജമാണെന്നു വ്യക്തമാക്കുന്നു (തല്‍ഖീസ്‌ 1:179). ഇതിന്റെ പരമ്പരയില്‍ അലിയ്യ്‌ബ്‌നു മുജാഹിദുല്‍ കാബൂലി എന്നയാളുണ്ട്‌. ഇയാള്‍ ഹദീസ്‌ സ്വയം നിര്‍മിക്കുന്നവനാണ്‌. ഇബ്‌നു മഈന്‍ പറയുന്നു: ``ഇയാള്‍ ഹദീസ്‌ നിര്‍മിക്കുന്നവനാണ്‌.'' (തഹ്‌ദീബ്‌ 7:330, മീസാന്‍ 3:149).

ഉമറുബ്‌നു സഫീന തന്റെ പിതാമഹനില്‍ നിന്ന്‌ നിവേദനം. നബി(സ) ഒരിക്കല്‍ കൊമ്പ്‌ വെക്കുകയുണ്ടായി. എന്നിട്ട്‌ പ്രസ്‌തുത രക്തം മൃഗങ്ങളില്‍ നിന്നും അകലെ പക്ഷികളില്‍ നിന്നും മനുഷ്യരില്‍ നിന്നും കുഴിച്ചുമൂടാന്‍ നബി(സ) കല്‌പിച്ചു. ഞാന്‍ ഒളിഞ്ഞുനിന്ന്‌ അത്‌ കുടിച്ചു. തുടര്‍ന്ന്‌ രക്തം എന്ത്‌ ചെയ്‌തുവെന്ന്‌ നബി(സ) എന്നോട്‌ ചോദിച്ചു. ഞാന്‍ കുടിച്ചുവെന്ന്‌ പറഞ്ഞപ്പോള്‍ നബി(സ) ചിരിച്ചു. (ബസ്സാര്‍, ബൈഹഖി) ``ഇതു നിര്‍മിതമായ ഹദീസാണ്‌. അജ്ഞാതരായ പല വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ബരിയ്യ എന്നയാള്‍ വളരെയധികം ദുര്‍ബലനാണ്‌. യാതൊരു അവസ്ഥയിലും ഇയാളുടെ ഹദീസുകള്‍ തെളിവിന്‌ യോഗ്യമല്ല.'' (തഹ്‌ദീബ്‌ 1:380)

അബൂബക്കറിന്റെ പുത്രി അസ്‌മാഅ്‌(റ) പറയുന്നു: ``ഞാന്‍ നബി(സ)യുടെ രക്തം കുടിച്ചു. നബി(സ) പറഞ്ഞു: നിന്റെ ശരീരത്തെ ഇതു കാരണം നരകം സ്‌പര്‍ശിക്കുകയില്ല.'' (ദാറഖുത്വ്‌നി, ത്വബ്‌റാനി). ഖുര്‍ആനെ പരിഹസിക്കുന്ന ഹദീസാണിത്‌. വിശ്വാസയോഗ്യനല്ലാത്ത അലിയ്യുബ്‌നു മുജാഹിദ്‌ എന്നയാള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:181)

ഹുകൈമത്ത്‌ എന്ന സ്‌ത്രീ അവരുടെ മാതാവ്‌ ഉമൈമത്ത്‌ നബി(സ)യുടെ മൂത്രം കുടിച്ചതായി പറയുന്ന ഹദീസ്‌ (ബൈഹഖി 13406): ``ഈ സ്‌ത്രീ തന്നെ ഏതാണെന്ന്‌ അറിയുകയില്ല'' (മീസാന്‍ 1:574). അജ്ഞാതരായ ധാരാളം വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഹജ്ജാജ്‌ എന്ന വ്യക്തിയും അയോഗ്യനാണ്‌.

ഈ വിഷയത്തില്‍ വന്ന പ്രധാന ഹദീസുകളുടെ അവസ്ഥയാണ്‌ നാം ഇത്രയും വിവരിച്ചത്‌. ഒരൊറ്റ ഹദീസും ഈ വിഷയത്തില്‍ സ്വഹീഹായി വന്നിട്ടില്ല. യാഥാസ്ഥിതികര്‍ എഴുതുന്നു: ``കഴുകി എന്നത്‌ അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃത്‌ തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകിക്കുന്നവരാണ്‌. സംസ്‌കാര സമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണംകഴിച്ചാല്‍ വായ കഴുകാറുണ്ട്‌'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). നബി(സ)യും സ്വഹാബിമാരും ഒരു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അത്‌ അശുദ്ധമല്ലെന്ന്‌ വ്യക്തമാണ്‌. പല സന്ദര്‍ഭത്തിലും അവര്‍ ഭക്ഷണം കഴിച്ച ശേഷം വായ കഴുകാതെ നമസ്‌കാരത്തിന്‌ വരെ പുറപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു.

നാം പഴവര്‍ഗങ്ങളും മറ്റും ഭക്ഷിക്കുമ്പോള്‍ വായ കഴുകാറില്ല. എന്നാല്‍ മൂത്രവും മലവും അശുദ്ധമാണെന്ന്‌ നബി(സ) ധാരാളം സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ചപ്പോള്‍ എന്റേതു അശുദ്ധമല്ലെന്ന്‌ പറയുകയുണ്ടായില്ല. രക്തം അശുദ്ധമാണെന്ന്‌ ഖുര്‍ആന്‍ തന്നെ പറഞ്ഞപ്പോള്‍ നബി(സ)യെ അതിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുകയുണ്ടായില്ല. പ്രവാചകന്റെ ജീവിതത്തില്‍ ഒരൊറ്റ പ്രാവശ്യം പോലും മലമൂത്ര വിസര്‍ജനം ചെയ്‌തപ്പോള്‍ ശുദ്ധിയാക്കാതിരുന്നിട്ടില്ല. വെള്ളമില്ലെങ്കില്‍ കല്ലുകള്‍ കൊണ്ട്‌ അവിടുന്നു ശുദ്ധിയാക്കും. നമ്മുടെ മലവും മൂത്രവും കല്ലുകള്‍ കൊണ്ട്‌ ശുദ്ധിയാകുമെന്നതിന്‌ ഈ ഹദീസുകളും തെളിവാക്കപ്പെടുന്നു. തന്റെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ സമുദായത്തെ പഠിപ്പിക്കാന്‍ നബി(സ) ഒരൊറ്റ പ്രാവശ്യം പോലും ശുദ്ധിയാക്കാതിരുന്നിട്ടില്ല. നബി(സ)യുടെ മലവും ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഇവര്‍ കോടികളുടെ പള്ളികള്‍ അപ്പേരില്‍ നിര്‍മിക്കുമോ?

പ്രവാചകകേശം

ഈ വിഷയത്തില്‍ താഴെ പറയുന്ന അഭിപ്രായങ്ങള്‍ ശാഫിഈ മദ്‌ഹബില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്‌.

1). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശുദ്ധിയുള്ളതാണ്‌. അവ നജസ്‌ അല്ല.

2). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശരീരത്തില്‍ നിന്ന്‌ വേര്‍പെട്ടുകഴിഞ്ഞാല്‍ അശുദ്ധമാണ്‌. അവ ശുദ്ധിയുള്ളതല്ല. 
സ്വഹീഹുല്‍ ബുഖാരിയില്‍ `മനുഷ്യന്റെ മുടി കഴുകപ്പെട്ട വെള്ളത്തിന്റെ വിധി' എന്നൊരു അധ്യായം കാണാം. തുടര്‍ന്ന്‌ മുടികള്‍ കൊണ്ടു നൂലുകളും കയറുകളും ഉണ്ടാക്കുന്നതിനു വിരോധമില്ലെന്ന്‌ ഇമാം അത്വാഅ്‌(റ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു. അതിന്‌ ശേഷം ഉദ്ധരിക്കുന്നത്‌ പ്രവാചകന്റെ ഒരു മുടി എന്റെ അടുത്തു ഉണ്ടാകുന്നതിനെ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും ഞാന്‍ ഇഷ്‌ടപ്പെടുന്നു എന്ന്‌ അനസ്‌(റ) പറഞ്ഞ ഹദീസാണ്‌. ശേഷം നബി(സ) തല മുണ്ഡനം ചെയ്‌തപ്പോള്‍ അബൂത്വല്‍ഹയാണ്‌ നബി(സ)യുടെ മുടിയില്‍ നിന്ന്‌ ആദ്യമായി എടുത്തത്‌ എന്ന്‌ പറയുന്ന ഹദീസാണ്‌. ഈ ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം നവവി(റ)യും ഇബ്‌നുഹജറും(റ) പറയുന്നത്‌ ഇതില്‍ നിന്നും നബി(സ)യുടെ മുടി ശുദ്ധിയുള്ളതാണെന്ന്‌ തെളിയുന്നു എന്നല്ല. ബുഖാരി നല്‌കിയ അധ്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ട്‌ അവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌:

``ഈ ഹദീസുകളില്‍ മനുഷ്യന്റെ മുടി ശുദ്ധമാണെന്നു വരുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്‌. നമുക്കും ശരിയായി തോന്നുന്നത്‌ ഇതാണ്‌.'' (ഫത്‌ഹുല്‍ബാരി 1:511). ഇമാം നവവി(റ) ഉദ്ധരിക്കുന്നു: ``മാവര്‍ദിയുടെയും മറ്റുള്ളവരുടെയും അഭിപ്രായം നബി(സ)യുടെ മുടി അശുദ്ധമാണെന്നാണ്‌'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:223). ശാഫിഈ മദ്‌ഹബിലെ കര്‍മശാസ്‌ത്ര പണ്ഡിതനും ഹദീസ്‌ പണ്ഡിതനും ചരിത്രപണ്ഡിതനുമാണ്‌ ഇമാം മാവര്‍ദി. ഇമാം നവവി(റ) എഴുതുന്നു: ``മറ്റുള്ളവരുടെ മുടി അശുദ്ധമാണെന്ന്‌ നാം പറഞ്ഞാല്‍ നബി(സ)യുടെ മുടിയെ സംബന്ധിച്ച്‌ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. അവയില്‍ ഒന്ന്‌: തീര്‍ച്ചയായും നബിയുടെ മുടിയും അശുദ്ധം തന്നെയാണ്‌. കാരണം മറ്റുള്ള മനുഷ്യരുടേത്‌ അശുദ്ധമായത്‌ നബി(സ)യെ സംബന്ധിച്ചും അശുദ്ധമാണ്‌. രക്തം പോലെ തന്നെ.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:231)

ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍


- നെല്ലും പതിരും -

 ``ജിന്നുകളെയും മലക്കുകളെയും അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്‌ പ്രാര്‍ഥന അല്ല എന്ന്‌ ഗവേഷണം ചെയ്യപ്പെട്ടതോടെ പ്രാര്‍ഥിക്കാനുള്ള അത്തരം സന്ദര്‍ഭം പോലും നഷ്‌ടമായി. ഇനി ബസ്സിന്റെ ബ്രേക്ക്‌ പൊട്ടുമ്പോള്‍ മലക്കിനെയും ഇഫ്‌രീത്തിനെയും വിളിക്കാം. കാരണം കാര്യകാരണ ബന്ധം മുറിയുന്നില്ല. പ്രാര്‍ഥനയോ ശിര്‍ക്കോ ആകുന്നുമില്ല.'' (സുന്നിവോയ്‌സ്‌ -2010 ഏപ്രില്‍ 1-15 പേജ്‌ 25) ഈ വിമര്‍ശനം എ പി വിഭാഗം മുജാഹിദുകളെ ഉദ്ദേശിച്ചുള്ളതാണ്‌. കാരണം, പ്രാര്‍ഥനക്ക്‌ മുജാഹിദുകള്‍ നല്‌കിയിരുന്ന വിശദീകരണം വരെ ഇടക്കാലത്ത്‌ തിരുത്തിയവരാണിവര്‍! അടിസ്ഥാന പ്രമാണത്തെ പോലും ഇവര്‍ അട്ടിമറിച്ചു. ഇവരുടെ പുതിയ നിര്‍വചനപ്രകാരം ഭൗതിക കാര്യങ്ങള്‍ക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ മാത്രം സഹായംതേടുകയും മറ്റുള്ളവരോട്‌ സഹായം തേടിയാല്‍ ശിര്‍ക്ക്‌ വന്നുപോകുകയും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നും അത്‌ ശിര്‍ക്കാവുകയില്ലെന്നും വരുന്നു. മനുഷ്യന്‌ ചെയ്യാന്‍ സാധിക്കുന്ന സംഗതികള്‍ മലക്കുകളോടും ജിന്നുകളോടും ചോദിക്കുന്നതിന്‌ വിരോധമില്ലെന്നും ഇവര്‍ എഴുതുന്നു.

ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:



 1). ബസ്സിന്റെ ബ്രേക്ക്‌ പൊട്ടി മനുഷ്യനിയന്ത്രണം വിടുന്ന അപകടങ്ങളില്‍ പെടുക. മനുഷ്യകഴിവിന്‌ അതീതമായ ഇത്തരം സന്ദര്‍ഭങ്ങളിലായിരുന്നു അല്ലാഹുവിനോടു മാത്രം സഹായം തേടാന്‍ പാടുള്ള രംഗമായി നാം വിവരിച്ചിരുന്നത്‌. നമ്മുടെ മദ്‌റസ പാഠപുസ്‌തകങ്ങളില്‍ വരെ ഇതു ഉദാഹരണമായി എടുത്തുകാണിച്ചതു കാണാം. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ മലക്കുകളോടും ജിന്നുകളോടും സഹായംതേടിയാല്‍ അത്‌ പ്രാര്‍ഥനയോ ശിര്‍ക്കോ അല്ല എന്നാണ്‌. ഇതിന്‌ രേഖയായി അവര്‍ ഉദ്ധരിക്കുന്നത്‌ ഹാജറബീവി മലക്കിനോട്‌ ദാഹജലത്തിനു വേണ്ടി മരുഭൂമിയില്‍ വെച്ച്‌ സഹായംതേടിയ സംഭവമാണ്‌. അപ്പോള്‍ മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ മനുഷ്യര്‍ അകപ്പെടുമ്പോള്‍ മലക്കിനെ വിളിച്ച്‌ സഹായംതേടല്‍ അനുവദനീയവും അനിവാര്യവുമായി. നിങ്ങള്‍ മരുഭൂമിയില്‍ അകപ്പെട്ടാല്‍ അല്ലാഹുവിന്റെ ദാസന്മാരെ നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ എന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിധിയില്‍ മലക്കുകളും ജിന്നുകളും ഉള്‍പ്പെടുമെന്നുമാണ്‌ മറ്റൊരു തെളിവായി ഇവര്‍ പറയുന്നത്‌. അപ്പോള്‍ മലക്കിനെയും ജിന്നുകളെയും വിളിച്ചുതേടല്‍ അനുവദനീയമോ സുന്നത്തോ നിര്‍ബന്ധമോ ആയി. ഹറാംചെയ്യാനും വിഡ്‌ഢിത്തം ചെയ്യാനും നബി(സ) നിര്‍ദേശിക്കുകയില്ലല്ലോ.

2). ഒരാള്‍ ഒഴുക്കില്‍ പെട്ട സന്ദര്‍ഭത്തില്‍ അദൃശ്യമായ നിലക്കു അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ തേടാന്‍ പാടുള്ളൂ. നമ്മുടെ പുസ്‌തകങ്ങളില്‍ ഇത്‌ ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു. നവയാഥാസ്ഥിതികര്‍ പറയുന്നത്‌ മലക്കുകളെയും ജിന്നുകളെയും ഈ അവസരങ്ങളിലും വിളിച്ച്‌ സഹായം തേടാം എന്നാണ്‌. സഹായംതേടിയാല്‍ അത്‌ കാര്യകാരണബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല. കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ വരുന്നതും ദൃശ്യവും ഭൗതികവുമായ മാര്‍ഗമാണെന്നുമാണ്‌ ഇവര്‍ പറയുന്നത്‌. അപ്പോള്‍ ഈ സന്ദര്‍ഭങ്ങളില്‍ മലക്കിനെയും ജിന്നുകളെയും പിശാചുക്കളെയും വിളിച്ച്‌ സഹായംതേടല്‍ അനിവാര്യമായി. ഒരാള്‍ക്കു സന്താനം ലഭിക്കാന്‍ വിവാഹംചെയ്‌തു ദാമ്പത്യബന്ധം സ്ഥാപിക്കല്‍ നിര്‍ബന്ധമായതു പോലെ. കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനമായ കാര്യങ്ങളില്‍ കാര്യകാരണബന്ധം പ്രവര്‍ത്തിച്ചുകൊണ്ടായിരിക്കണം നാം അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കേണ്ടത്‌.

 3). വരള്‍ച്ചയും ക്ഷാമവും ബാധിക്കുന്ന രംഗങ്ങളില്‍ അല്ലാഹുവിനോട്‌ മാത്രമേ അദൃശ്യവും അഭൗതികവുമായ നിലക്ക്‌ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ. മനുഷ്യകഴിവില്‍ പെട്ട സംഗതികള്‍ നീക്കാന്‍ വേണ്ടി നമുക്ക്‌ ഗവണ്‍മെന്റിനോട്‌ സഹായം ആവശ്യപ്പെടാം. എന്നാല്‍ ജിന്നുകളോടും മലക്കുകളോടും സഹായം തേടാന്‍ പാടില്ല. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടല്‍ കാര്യകാരണബന്ധത്തിന്‌ അതീതമോ അദൃശ്യമാര്‍ഗമോ അഭൗതിക മാര്‍ഗമോ അല്ല എന്നാണ്‌. അപ്പോള്‍ വരള്‍ച്ചയും ക്ഷാമവും കൃഷിനാഷവും മറ്റും സംഭവിക്കുമ്പോള്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായംതേടല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

 4). ഭൂചലനങ്ങളും ഭൂമികുലുക്കവും നിയന്ത്രിക്കാന്‍ മനുഷ്യ കഴിവില്‍ പെട്ട സംഗതികള്‍ മനുഷ്യനോടു ചോദിക്കാം. എന്നാല്‍ മനുഷ്യ കഴിവിന്‌ അതീതമായ കാര്യത്തില്‍ അല്ലാഹുവിനോടു മാത്രമേ സഹായംചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും സഹായംചോദിക്കല്‍ പ്രാര്‍ഥനയും ശിര്‍ക്കും കുഫ്‌റുമാണ്‌. എന്നാല്‍ ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതമല്ലെന്നും കാര്യകാരണ ബന്ധത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും നവയാഥാസ്ഥിതികര്‍ പറയുന്നു. അദൃശ്യവും അഭൗതികവുമായ മാര്‍ഗമല്ലെന്നും പ്രഖ്യാപിക്കുന്നു. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ മലക്കുകളെയും ജിന്നുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കല്ലെന്ന്‌ ജല്‌പിക്കുന്നു. അപ്പോള്‍ ഇത്തരം രംഗങ്ങളിലും മലക്കുകളെയും ജിന്നുകളെയും വിളിച്ചു തേടല്‍ അനുവദനീയവും അനിവാര്യവുമായി.

 5). ശാരീരികമായ രോഗങ്ങളും ന്യൂനതകളും ഉള്ള ദമ്പതിമാര്‍ സന്താനലബ്‌ധിക്കു വേണ്ടി മനുഷ്യകഴിവില്‍ പെട്ട സഹായത്തിനുവേണ്ടി ഒരു ഡോക്‌ടറെ സമീപിക്കുന്നത്‌ അനുവദനീയമാണ്‌. എന്നാല്‍ മനുഷ്യകഴിവില്‍ പെടാത്ത തടസ്സങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്ലാഹുവിനോടു മാത്രമേ സഹായം തേടാന്‍ പാടുള്ളൂ. ജിന്നുകളോടും മലക്കുകളോടും പിശാചുക്കളോടും സഹായംചോദിക്കല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. കാരണം ഈ സഹായതേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അഭൗതികവും അദൃശ്യവും മറഞ്ഞ വഴിയുമാണ്‌. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നത്‌ ഈ സഹായ തേട്ടം കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അദൃശ്യവും അഭൗതികവുമല്ല എന്നാണ്‌. ജിന്നുകളെയും മലക്കുകളെയും കാര്യകാരണ ബന്ധത്തിന്റെയും അദൃശ്യത്തിന്റെയും അഭൗതികത്തിന്റെയും പ്രശ്‌നം തീരുമാനിക്കുമ്പോള്‍ പരിഗണിക്കണം. അവരെ ഒഴിവാക്കിക്കൊണ്ടായിരിക്കണം കാര്യകാരണ ബന്ധത്തിന്‌ അതീതം, അദൃശ്യം, അഭൗതികം എന്നെല്ലാം പറയേണ്ടത്‌. അതിനാല്‍ സന്താനലബ്‌ധിക്കു വേണ്ടി-ശാരീരികദുര്‍ബലതകള്‍ ഉള്ളവര്‍-ഡോക്‌ടറെ സമീപിക്കുന്നതുപോലെ തന്നെ മലക്കുകളോടും ജിന്നുകളോടും സഹായം ചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

 6). രോഗം ബാധിച്ചവര്‍ ഡോക്‌ടറെ സമീപിച്ച്‌ രോഗശമനത്തിനുവേണ്ടി സഹായം ആവശ്യപ്പെടല്‍ അനുവദനീയമാണ്‌. മനുഷ്യകഴിവിന്‌ അതീതമായ നിലക്ക്‌ രോഗശമനത്തിനു വേണ്ടി അല്ലാഹുവിനോടു മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. മലക്കുകളോടും ജിന്നുകളോടും രോഗശമനം ആവശ്യപ്പെട്ടാല്‍ ശിര്‍ക്കും പ്രാര്‍ഥനയുമാണത്‌. ഇതു കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അതീതവും അദൃശ്യവും അഭൗതികവും മറഞ്ഞതുമായ മാര്‍ഗമാണ്‌. അല്ലെന്ന്‌ നവയാഥാസ്ഥിതികര്‍ പറയുന്നു. അപ്പോള്‍ ഒരാള്‍ രോഗശമനത്തിനു വേണ്ടി ഡോക്‌ടറെ സമീപിക്കുന്നതു പോലെ ജിന്നുകളെയും മലക്കുകളെയും വിളിച്ച്‌ സഹായംചോദിക്കല്‍ അനുവദനീയവും നിര്‍ബന്ധവുമായി.

 7). മുകളില്‍ വിവരിച്ച സന്ദര്‍ഭങ്ങളില്‍ മക്കാ മുശ്‌രിക്കുകള്‍ വരെ അല്ലാഹുവിനോട്‌ മാത്രമാണ്‌ സഹായംതേടിയിരുന്നത്‌. മറ്റുള്ളവരോടു സഹായംതേടല്‍ ഏകദൈവ വിശ്വാസത്തിന്‌ എതിരാണെന്ന്‌ അവര്‍ പോലും ഗ്രഹിച്ചിരുന്നു. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷ ലഭിക്കാന്‍ ഏകദൈവ വിശ്വാസത്തെ അവര്‍ നിഷ്‌കളങ്കമാക്കും. അങ്ങനെ മരണപ്പെട്ടവരെയും മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം ചോദിക്കാതെ അല്ലാഹുവിനെ മാത്രം വിളിച്ച്‌ സഹായം ചോദിക്കും. മനുഷ്യകഴിവിന്‌ അതീതമായ അപകടങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ അല്ലാഹുവിനെ മാത്രമേ വിളിച്ച്‌ സഹായം തേടുവാന്‍ പാടുള്ളൂവെന്ന്‌ മക്കയിലെ വിഗ്രഹാരാധകന്‍മാര്‍ അംഗീകരിച്ചിരുന്നു. മലക്കുകളെയും ജിന്നുകളെയും വിളിച്ച്‌ സഹായം തേടല്‍ ശിര്‍ക്കാണെന്നും സമ്മതിച്ചിരുന്നു. നവയാഥാസ്ഥിതികര്‍ ഇത്‌ സമ്മതിക്കുന്നില്ല. സമ്മതിക്കുമെങ്കില്‍ ഇത്‌ ശിര്‍ക്കാണെന്ന്‌ അവര്‍ എഴുതുമോ?

By  എ അബ്‌ദുസ്സലാം സുല്ലമി